നിപാ വൈറസ്‌: വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിന്‌ ജന്മഭൂമിക്കെതിരെ കേസെടുത്തു‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 07, 2018, 07:13 AM | 0 min read

പേരാമ്പ്ര > നിപാ വൈറസ് ബാധിച്ച് പന്തിരിക്കരയിൽ നാലുപേർ മരിച്ച കുടുംബത്തിനെതിരെ വ്യാജവാർത്ത നൽകിയ ബിജെപി മുഖപത്രം ജന്മഭൂമിക്കെതിരെ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പന്തിരിക്കര സൂപ്പിക്കടയിൽ വളച്ചുകെട്ടിയിൽ മറിയം ഇതുസംബന്ധിച്ച് വടകര റൂറൽ പൊലീസ് ചീഫിന് പരാതി നൽകിയിരുന്നു. നിപാ വൈറസ് ബാധയെ തുടർന്ന് മറിയത്തി​ന്റെ മക്കളായ മുഹമ്മദ് സാബിത്തും മുഹമ്മദ് സാലിഹും ഭർത്താവ് മൂസയും ഭർതൃസഹോദര പത്നി മറിയവും മരിച്ചിരുന്നു.

നിപാ എത്തിയത് മലേഷ്യയിൽനിന്നാണെന്നുകാട്ടി കഴിഞ്ഞ 25ന് ജന്മഭൂമി പത്രം ഒന്നാംപേജിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് കേസിനടിസ്ഥാനം. നിപാ പനി ബാധിച്ച് ആദ്യം മരണപ്പെട്ട മുഹമ്മദ് സാബിത്തിന് മലേഷ്യയിൽനിന്നാണ് വൈറസ് ബാധയുണ്ടായതെന്നും മലേഷ്യയിൽനിന്ന് രോ​ഗലക്ഷണങ്ങളോടെയാണ് സാബിത്ത് നാട്ടിലെത്തിയതെന്നും ഈ വിവരം നാട്ടുകാരിൽനിന്ന് മറച്ചുപിടിച്ചെന്നും വാർത്തയിലുണ്ട്. ഈ വാർത്ത സംഘപരിവാർ സോഷ്യൽ മീഡിയ ​ഗ്രൂപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. ഐപിസി 500 പ്രകാരം ജന്മഭൂമി കോഴിക്കോട് ബ്യൂറോയിലെ റിപ്പോർട്ടർ അനീഷ് അയിലം, ചീഫ് എഡിറ്റർ എന്നിവരെ പ്രതിചേർത്താണ് പൊലീസ് കേസെടുത്തിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Home