580 കുടുംബങ്ങളെ കുടിയിറക്കി; അസമിൽ ബിജെപി സര്‍ക്കാരിന്റെ ക്രൂരത

Screengrab
ഗുവാഹത്തി: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിഭജനലക്ഷ്യത്തോടെ അറുന്നൂറോളം കുടുംബങ്ങളെ കുടിയിറക്കിവിട്ട് അസമിലെ ബിജെപി സർക്കാർ. ഗോല്‍പാര ജില്ലയിലെ ദാഹികട്ട സംരക്ഷിത വനമേഖലയിലെ കുടുംബങ്ങളോടാണ് സർക്കാരിന്റെ ക്രൂരത. കുടിയിറക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളാണ്.
376 ഏക്കറോളമുള്ള മേഖലയിൽ മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നുവെന്നും, 70 ശതമാനത്തോളംപേർ നേരത്തെ ഒഴിഞ്ഞുപോയിരുന്നുവെന്നും ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. വീടുകൾ പൊളിച്ചുനീക്കുന്നതിനായി ഞായറാഴ്ച രാവിലെ വലിയ സന്നാഹത്തെയാണ് അധികൃതർ ഒരുക്കിയത്. 580 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി. ഉടൻതന്നെ നടപടികൾ പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മുൻ കോൺഗ്രസ് നേതാവ് ഹിമന്ത ബിശ്വ സര്‍മയുടെ നേതൃത്വത്തിൽ 2021ൽ ബിജെപി സർക്കാർ അധികാരത്തിലേറിയത് മുതൽ അസമില്‍ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് വ്യാപക കുടിയൊഴിപ്പിക്കൽ നടക്കുകയാണ്. നാലു വര്‍ഷത്തിനിടെ 42500 ഏക്കറിലേറെ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചതായാണ് സര്‍ക്കാര്‍ വാദം.









0 comments