കുംഭമേള കഴിഞ്ഞ് മടങ്ങിയ തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു: 6 മരണം

ജബൽപൂർ : കുംഭമേള കഴിഞ്ഞ് മടങ്ങിയ തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ആറു പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ ജബൽപൂരിലായിരുന്നു അപകടം. തീർഥാടകർ സഞ്ചരിച്ച ജീപ്പ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കുംഭമേളയിൽ പങ്കെടുത്ത ശേഷം മടങ്ങിവന്ന കർണാടക ബെലഗാവി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
ഖിതൗല പൊലീസ് സ്റ്റേഷൻ പരിധിയിൽ പഹ്‍രേവ വില്ലജിന് സമീപമാണ് അപകടം നടന്നത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് വിവരം. നിയന്ത്രണം വിട്ട ജീപ്പ് വഴിയരികിലെ മരത്തിൽ ഇടിക്കുകയും തുടർന്ന് റോഡിന്റെ മറുവശത്തേക്ക് മറിഞ്ഞ് അതുവഴി വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ആറുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ജബർപൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ബസ് നിർത്താതെ പോയി. ബസ് ഡ്രൈവർക്കായുള്ള തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കളക്ടറടക്കമുള്ള ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു.
ബാലചന്ദ്ര ഗൗഡർ, സുനിൽ സേദാശാലെ, ബലവരാജ് കുർണി, ബസവരാജ് ഡൊഡ്ഡമ്മാണി, ഈറണ്ണ സെബിനക്കട്ടി, വിരൂപാക്ഷ ഗുമ്മാട്ടി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.









0 comments