print edition അസമിൽ 580 കുടുംബങ്ങളെ കുടിയിറക്കി, ബിജെപി സർക്കാരിന്റെ നടപടി കൈയേറ്റം ആരോപിച്ച്

ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ ലക്ഷ്യമിട്ട് അസമിൽ ബിജെപി സർക്കാരിന്റെ ബുൾഡോസർരാജ് വീണ്ടും. കൈയേറ്റം ആരോപിച്ച് ഗോൾപാര ജില്ലയിലെ 580 കുടുംബങ്ങളെ കുടിയിറക്കി. ഇതിൽ ഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ദഹികാത റിസർവ് വനത്തിന്റെ ഭാഗമായുള്ള 376 ഏക്കറിലേറെ ഭൂമിയിലാണ് "കൈയേറ്റ'മൊഴിപ്പിക്കൽ. കനത്തസുരക്ഷയിൽ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി.
പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരാണ് തങ്ങളെന്ന് കുടിയിറക്കപ്പെട്ട പ്രദേശവാസി അബ്‌ദുൾ കരീം പ്രതികരിച്ചു. "കൈയേറ്റക്കാരാണെങ്കിൽ എന്തിനാണ് സർക്കാർ വൈദ്യുതി അനുവദിച്ചത്. ടോയ്‍ലറ്റുകളും മറ്റു സൗകര്യങ്ങളും തന്നത്. ഞങ്ങൾക്ക് ആധാർ കാർഡുണ്ട്. എല്ലാ ഭൂരേഖകളുമുണ്ട്. എന്നിട്ടും "പുറത്തുനിന്നുള്ളവരാ'യാണ് ഞങ്ങളെ കാണുന്നത്.’ അബ്‌ദുൾ കരീം പറഞ്ഞു.
അതേസമയം ഹൈക്കോടതി നിർദേശപ്രകാരമുള്ള കുടിയൊഴിപ്പിക്കലാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. മുൻ കോൺഗ്രസ് നേതാവ് ഹിമന്ത ബിശ്വ സർമയുടെ നേതൃത്വത്തിൽ 2021ൽ അസമിൽ ബിജെപി അധികാരത്തിലേറിയത് മുതൽ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് വ്യാപക കുടിയൊഴിപ്പിക്കൽ നടക്കുകയാണ്. കുടിയിറക്കൽ തുടരുമെന്നും നിയമവിരുദ്ധമായി കുടിയേറിയ ബംഗ്ലാദേശി സംസാരിക്കുന്ന മുസ്ലിങ്ങൾക്ക് ഈ സർക്കാരിന് കീഴിൽ സമാധാനം കിട്ടില്ലെന്നും ഹിമന്ത പറഞ്ഞു.
നാലു വർഷത്തിനിടെ 42500 ഏക്കറിലേറെ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചതായാണ് സർക്കാർ വാദം. 9.5 ലക്ഷത്തിലേറെ ഏക്കർ ഭൂമിയിൽ ഇപ്പോഴും കൈയറ്റമുണ്ടെന്നുമാണ് ഹിമന്ത പറയുന്നത്. ഇതിൽ ഭൂരിഭാഗവും "അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെയും സംശയമുള്ള പൗരന്മാരു'ടെയും കൈയിലാണെന്നുമാണ് ഹിമന്തയുടെ അവകാശവാദം.









0 comments