അധികവും ഗുജറാത്തിൽ നിന്ന്
രേഖകളില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് തുടരുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ കഴിയുന്ന രേഖകളില്ലാത്ത ഒരു സംഘത്തെ കൂടി ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു. ബംഗ്ലാദേശിൽ നിന്നുള്ള രേഖകളില്ലാത്ത 160 ഓളം കുടിയേറ്റക്കാരെ ഞായറാഴ്ച ഗാസിയാബാദിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ അഗർത്തല വഴി കടത്തിവിട്ടു.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 500 ൽ അധികം കുടിയേറ്റക്കാരെ ഇതുവരെ കിഴക്കൻ അതിർത്തി വഴി ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു. മെയ് എട്ടിന് ഇതിൽ ആശങ്ക ഉന്നയിച്ച് ബംഗ്ലാദേശ് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം പട്ടാള തലവൻ ഇതിനെതിരെ പ്രസ്താന ഇറക്കി.
ഈ മാസം ആദ്യം ഗുജറാത്തിൽ നിന്നും കണ്ടെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 300 രേഖകളില്ലാത്ത കുടിയേറ്റക്കാരെ ത്രിപുരയിലെ അഗർത്തല വഴി സമാനമായ രീതിയിൽ കടത്തി വിട്ടിരുന്നു. മെയ് 4 ന്, രണ്ട് എയർ ഇന്ത്യ വിമാനങ്ങളിലായാണ് ഇത്. ഗുജറാത്തിൽ നേരത്തെ കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് കര അതിർത്തി വഴി ബംഗ്ലാദേശിലേക്ക് അയക്കുകയാണ് ചെയ്തത്.
ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന്റെ (FRRO) നേതൃത്വത്തിലാണ് നടപടി. കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തുകഴിഞ്ഞാൽ, അവരുടെ ബയോമെട്രിക്സ് രേഖപ്പെടുത്തുകയും അവർ കൈവശം വെക്കുന്ന ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ റദ്ദാക്കുകയുമാണ് ചെയ്യുന്നത്. ഭാവിയിൽ അവർ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ ആധാർ കാർഡിനായി രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ബയോമെട്രിക്സ് റെക്കോഡ് ചെയ്യുന്നുണ്ട്. ഈ ബയോമെട്രിക്സ് രേഖകൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി സൂക്ഷിക്കുന്നു.
തിരച്ചയക്കൽ നടപടികൾക്ക് എതിരെ ബംഗ്ലാദേശ് ആർമിയുടെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ എം.ഡി. നസിം-ഉദ്-ദൗള തിങ്കളാഴ്ച ധാക്കയിൽ പത്രസമ്മേളനം നടത്തിയിരുന്നു. ഇത്തരം "തള്ളൽ നടപടികൾ സ്വീകാര്യമല്ല" എന്ന് പ്രഖ്യാപിച്ചു.
ഇന്ത്യയെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായും സിക്കിമുമായും ബന്ധിപ്പിക്കുന്ന "ചിക്കൻസ് നെക്ക്" എന്നറിയപ്പെടുന്ന നേർത്ത ഭൂപ്രദേശമായ സിലിഗുരി ഇടനാഴി സംബന്ധിച്ച പ്രസ്താവനകളും ഈ പശ്ചാത്തലത്തിൽ പുറത്തു വന്നു. ബംഗ്ലാദേശിന്റെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനസ് വിദേശയാത്രയ്ക്കിടെ നടത്തിയ പരാമർശങ്ങമാണ് ഇതിന് തുടക്കമിട്ടത്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ "കരയാൽ ചുറ്റപ്പെട്ട" (landlocked) എന്ന് വിശേഷിപ്പിച്ചു.









0 comments