രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി; ജാർഖണ്ഡിൽ സർക്കാർ ആശുപത്രിക്കെതിരെ വ്യപക പ്രതിഷേധം

റാഞ്ചി: ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്ന് അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി രോഗബാധ. പാരമ്പര്യ രോഗമായ തലസീമിയ രോഗത്തിന് ചികിത്സ തേടിയ കുട്ടികൾക്കാണ് ദുരവസ്ഥയുണ്ടായത്. സിംഗ്ഭൂം ജില്ലയിലെ ചൈബാസ സദർ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഏഴു വയസുകാരനാണ് കഴിഞ്ഞ ദിവസം ആദ്യം സ്ഥിരീകരിച്ചത്. എച്ച്ഐവി ബാധിതനായ രോഗിയുടെ രക്തമാണ് ഏഴുവയസുകാരന് നൽകിയതെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. വിഷയത്തിൽ അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചു.
കുട്ടിയ്ക്ക് ബ്ലഡ് ബാങ്കിൽ നിന്ന് 25 യൂണിറ്റ് രക്തം നൽകിയിട്ടുണ്ട്. എല്ലാ തലസീമിയ രോഗികൾക്കും നൽകാറുള്ളതുപോലെ സൗജന്യമായി രക്തം നൽകി. എന്നാൽ രക്തം സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം കുട്ടിയ്ക്ക് എച്ച്ഐവി ബാധ സ്ഥിരീകിരിക്കുകയായിരുന്നു.
സമഗ്രമായ അന്വേഷണത്തിന് ശേഷം സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മാഝി പറഞ്ഞു. കുട്ടിക്ക് രക്തം നൽകിയ ഓരോ രക്തദാതാവിനെയും കണ്ടെത്തി നിഗമനത്തിലെത്തും. രക്തദാതാക്കളിൽ എച്ച്ഐവി അണുബാധയുള്ളവരുണ്ടോ എന്നും പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ഡോ. മാഝി മുൻപ് അറിയിച്ചിരുന്നു.









0 comments