ലോക ജനസംഖ്യയുടെ നാൽപ്പത് ശതമാനം പേർക്കും മാതൃഭാഷയിൽ വിദ്യാഭ്യാസം ലഭിക്കുന്നില്ല; യുനെസ്കോ റിപ്പോർട്ട്

ന്യൂഡൽഹി: ലോക ജനസംഖ്യയുടെ നാൽപ്പത് ശതമാനം പേർക്കും അവർ സംസാരിക്കുന്നതോ മനസിലാക്കുന്നതോ ആയ ഭാഷയിൽ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് യുനെസ്കോയുടെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിങ്ങിന്റെ (ജിഇഎം) റിപ്പോർട്ട്.
മാതൃഭാഷയുടെ പങ്കിനെക്കുറിച്ച് രാജ്യങ്ങൾക്കിടയിൽ ചർച്ച സജീവമാണെങ്കിലും അത് പരിമിതമായ രീതിയിലാണ് നടപ്പാക്കുന്നത്. മാതൃഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള അധ്യാപകരുടെ ലഭ്യതക്കുറവ്, ഉള്ളവർക്ക് തന്നെ അത് കൈകാര്യം ചെയ്യാനുള്ള അറിവില്ലായ്‌മ , മാതൃഭാഷകളിലുള്ള പഠന സാമഗ്രികളുടെ ലഭ്യതക്കുറവ്, സമൂഹത്തിൽ നിന്നുള്ള എതിർപ്പ് എന്നിവയാണ് നടപ്പാക്കാനുള്ള വെല്ലുവിളികളിൽ. 25 കോടി പഠിതാക്കളെ ഇത് ബാധിച്ചിട്ടുണ്ടെന്ന് ജിഇഎം ഉദ്യോഗസ്ഥർ പറഞ്ഞു.
എല്ലാ പഠിതാക്കൾക്കും പ്രയോജനപ്പെടുന്ന വിദ്യാഭ്യാസ സംവിധാനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബഹുഭാഷാ വിദ്യാഭ്യാസ നയങ്ങളും രീതികളും നടപ്പിലാക്കാൻ രാജ്യങ്ങളോട് ശുപാർശ ചെയ്യുന്നു. കുടിയേറ്റം വർധിക്കുന്നതിനനുസരിച്ച്, ഭാഷാ വൈവിധ്യം ഒരു ആഗോള യാഥാർഥ്യമായി മാറുകയാണെന്നും വ്യത്യസ്ത ഭാഷാ പശ്ചാത്തലങ്ങളിൽ നിന്നുള്ള പഠിതാക്കളുള്ള ക്ലാസ് മുറികൾ എന്നത് സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും ജിഇഎം ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. 31 കോടിയിലധികം കുടിയിറക്കപ്പെട്ട യുവജനങ്ങൾ വിദ്യാസപരമായി ഭാഷാ തടസങ്ങൾ നേരിടുന്നു. മാതൃഭാഷ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കാൽനൂറ്റാണ്ടായി നടക്കുന്ന ശ്രമങ്ങളെ അനുസ്മരിച്ചുകൊണ്ട്, അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ 25-ാം വാർഷികത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
ഇന്ത്യയിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സമയത്താണ് ഈ റിപ്പോർട്ട് വരുന്നത്. മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകാത്ത കേന്ദ്ര നയത്തിനെതിരെ തമിഴ്‌നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നിട്ടുണ്ട്. അമേരിക്കയുടെയും ബഹുഭാഷ നയത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷിനെ ഔദ്യോഗികഭാഷയാക്കാനുള്ള ഔദ്യോഗിക ഉത്തരവിൽ ഒപ്പുവെക്കാനൊരുങ്ങുകയാണ് ട്രംപ്.
പുതിയകാലഘട്ടത്തിൽ യുവജനങ്ങൾക്കിടയിലുള്ള സാങ്കേതികവിദ്യയുടെ വ്യാപകമായ സ്വാധീവും കോവിഡ് -19 ന്റെ ആഘാതവും അവർക്കിടയിൽ വായനയിലും പഠന നിലവാരത്തിലും വലിയ ആഘാതം സൃഷ്‌ടിച്ചു. ചരിത്രപരമായ കാരണങ്ങളാലോ കുടിയേറ്റം, സ്ഥലംമാറ്റം എന്നിവ മൂലമോ, വീട്ടിൽ മാതൃഭാഷ സംസാരിക്കാത്ത പഠിതാക്കൾക്ക് പഠനശേഷി കുറയാനുള്ള സാധ്യത കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ രാജ്യങ്ങളിൽ പലതരത്തിലാണ് ഭാഷാപരമായ വെല്ലുവിളികൾ നേരിടുന്നത്. ചരിത്രപരവും സമകാലികവുമായ ഘടകങ്ങൾ ഇവയ്ക്കുപിന്നിലുണ്ട്.
ചരിത്രപരമായ വെല്ലുവിളികളിൽ പലപ്പോഴും കൊളോണിയലിസത്തിന്റെ ബാക്കിപത്രമെന്ന നിലയിൽ പ്രാദേശിക ജനതയുടെ മേൽ ഭാഷകൾ അടിച്ചേൽപ്പിക്കപ്പെടുന്നതാണ്. ഇത് സൃഷ്ടിക്കുന്ന വിദ്യാഭ്യാസ അസമത്വങ്ങൾ വലുതാണ്.
അതേസമയം, ചില രാജ്യങ്ങളിലെ ഭാഷാ വൈവിധ്യം വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് വെല്ലുവിളികൾ ഉയരുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. കാരണം ബഹുഭാഷാ വിദ്യാഭ്യാസ പരിപാടികൾ നടപ്പിലാക്കുന്നതിനുള്ള സാഹചര്യം ചിലയിടത്ത് പരിമിതമായിരിക്കും.
സമകാലിക സാഹചര്യത്തിൽ സമ്പന്ന രാജ്യങ്ങളിലെ ക്ലാസ് മുറികളിലേക്ക് പുതിയ ഭാഷകൾ കൊണ്ടുവരുന്നതിന് കുടിയേറ്റം കാരണമാണ്. ഇത് ഭാഷാ വൈവിധ്യത്തെയും സമ്പന്നമാക്കുന്നു. എന്നാൽ ഇവിടെയുമുണ്ട് വെല്ലുവിളികൾ.
കുടിയേറ്റ വിദ്യാർഥികൾക്ക് ഭാഷാ പഠന പിന്തുണ, വൈവിധ്യത്തെ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി വികസിപ്പിക്കൽ, ഭാഷാ പശ്ചാത്തലം പരിഗണിക്കാതെ എല്ലാ വിദ്യാർഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഈ രാജ്യങ്ങൾ പലപ്പോഴും പ്രതിസന്ധിയിലാകുന്നു. ഓരോ രാജ്യവും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കനുസരിച്ച് എടുക്കേണ്ട നയ പരിഹാര മാർഗങ്ങൾ വ്യത്യസ്തമാണെന്നും പഠനം സൂചിപ്പിക്കുന്നു.
വിദ്യാഭ്യാസ, ഭാഷാ നയങ്ങൾ സന്ദർഭത്തിനനുസരിച്ചുള്ള സമീപനങ്ങൾക്ക് മുൻഗണന നൽകണമെന്നും അതിനാവിശ്യമായ പാഠ്യപദ്ധതി ക്രമീകരണങ്ങളും അനുയോജ്യമായ അധ്യാപന, പഠന സാമഗ്രികളുടെ പിന്തുണയും ഉണ്ടായിരിക്കണമെന്നും ജിഇഎം ശുപാർശ ചെയ്തു.
ഗണ്യമായ കുടിയേറ്റ ജനസംഖ്യയുള്ള രാജ്യങ്ങളിൽ, ഫലപ്രദമായ ബ്രിഡ്ജിംഗ് ഭാഷാ പരിപാടികൾ, അതിനനുസരിച്ചുള്ള അധ്യാപകർ, എല്ലാവരുടെയും വൈവിധ്യമാർന്ന ഭാഷാ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന പഠന അന്തരീക്ഷങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നയങ്ങൾ പിന്തുണയ്‌ക്കണം. മാതൃഭാഷാ വിദ്യാഭ്യാസ നയങ്ങളുടെ വിജയം ഉറപ്പാക്കുന്നതിന് സ്കൂളുകൾക്ക് പുറത്ത് സംവിധാനങ്ങൾ ആസൂത്രണം ചെയ്യുക എന്നിവയും റിപ്പോർട്ട് മുന്നോട്ടു വെയ്ക്കുന്നു.








0 comments