മുത്തശ്ശിക്കൊപ്പം ഉറങ്ങിയ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ടെത്തിയത് രക്തത്തിൽ കുളിച്ച്

ഹൂഗ്ലി: കൊൽക്കത്തക്ക് സമീപം ഹൂഗ്ലിയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്. മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് അക്രമി തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു. ബഞ്ചാര സമുദായത്തിൽപ്പെട്ട കുട്ടിയെ താരാകേശ്വറിലെ റെയിൽവേ ഷെഡ്ഡിൽ കൊതുകുവലയ്ക്കുള്ളിലെ കട്ടിലിൽ ഉറങ്ങുന്നതിനിടെയാണ് കാണാതായത്. കുട്ടിയുടെ കൊതുകുവല കീറിയാണ് അക്രമി കൊണ്ടുപോയതെന്ന് കുടുംബം പറയുന്നു.
സംഭവദിവസം പുലർച്ചെ നാല് മണിയോടെ ആരോ കുട്ടിയെ എടുത്തു കൊണ്ടുപോയതായി മുത്തശ്ശി പറഞ്ഞു. കൊതുകുവല കീറിയാണ് അവർ കുട്ടിയെ എടുത്തതെന്നും, ആരാണെന്ന് തനിക്കറിയില്ലെന്നും അവർ പറഞ്ഞു. അടുത്ത ദിവസം ഉച്ചയോടെ താരാകേശ്വർ റെയിൽവേ ഹൈ ഡ്രെയിനിന് സമീപം രക്തത്തിൽ കുളിച്ച നിലയിൽ നഗ്നയായാണ് കുട്ടിയെ കണ്ടെത്തിയത്. വീടുകൾ തകർത്തതിനാൽ തങ്ങൾ തെരുവിലാണ് താമസിക്കുന്നതെന്നും എവിടേക്ക് പോകണമെന്ന് അറിയില്ലെന്നും ദുഃഖം അടക്കിക്കൊണ്ട് മുത്തശ്ശി കൂട്ടിച്ചേർത്തു.
ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ താരാകേശ്വർ ഗ്രാമീൺ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പോക്സോ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, തൃണമൂൽ സർക്കാരിന്റെ 'നിയമവാഴ്ച'യുടെ യഥാർത്ഥ മുഖമാണിതെന്നും പൊലീസ് സത്യം മറച്ചുവെച്ച് സർക്കാരിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എക്‌സിൽ പോസ്റ്റ് ചെയ്തു.









0 comments