ഗുജറാത്തിൽ നാല് അൽ ഖ്വയ്ദ ഭീകരർ അറസ്റ്റിൽ

അഹമ്മദാബാദ് : ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള നാല് ഭീകരർ ഗുജറാത്തിൽ അറസ്റ്റിലായി. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഇവരെ അറസ്റ്റ് ചെയ്തത്. നാലുപേരിൽ ഒരാളെ സംസ്ഥാനത്തിന് പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തതെന്ന് എടിഎസ് വൃത്തങ്ങൾ അറിയിച്ചു. മുഹമ്മദ് ഫായിഖ്, മുഹമ്മദ് ഫർദീൻ, സെഫുള്ള ഖുറേഷി, സീഷാൻ അലി എന്നിവരാണ് പിടിയിലായത്. സംഘം വ്യാജ കറൻസി റാക്കറ്റ് നടത്തിയിരുന്നു. അൽഖ്വയ്ദയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഇവർ സാമൂഹിക മാധ്യമങ്ങളും ആപ്പുകളും ഉപയോഗിച്ചതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. തെളിവുകൾ നശിപ്പിക്കാനായി ഓട്ടോ- ഡിലീറ്റ് ആപ്പുകളാണ് ഇവർ ഉപയോഗിച്ചിരുന്നതെന്നും എടിഎസ് വൃത്തങ്ങൾ പറഞ്ഞു. പ്രതികൾക്ക് വളരെക്കാലമായി ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ഗുജറാത്ത് എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഇവർ അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ടത്. സംസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്ന സമയത്താണ് ഇവർ കുടുങ്ങിയതെന്നും എടിഎസ് അറിയിച്ചു. ചാറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും വിശകലനം ചെയ്യുകയാണെന്നും അധികൃതർ അറിയിച്ചു.
നാലുപേരും സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഡൽഹി സ്വദേശിയായ ഫായിഖ് ഒരു പാകിസ്ഥാൻ ഇൻസ്റ്റാഗ്രാം ഉപയോക്താവുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇന്ത്യയിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തതായും ഗുജറാത്ത് എടിഎസ് ഡിഐജി സുനിൽ ജോഷി പറഞ്ഞു.
അഹമ്മദാബാദ് നഗരത്തിലെ ഫത്തേവാഡി പ്രദേശത്തുള്ള ഷെയ്ഖിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ലഘുലേഖകൾ കണ്ടെത്തിയതായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ഇവർക്ക് എന്തെങ്കിലും ഫണ്ട് ലഭിച്ചോ എന്നും മറ്റ് പദ്ധതികൾ എന്താണെന്നും അന്വേഷിക്കുകയാണ്. പിടിയിലായവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ എക്യുഐഎസ് അനുകൂല പരാമർശങ്ങളും വർഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലുള്ള തീവ്ര പ്രസ്താവനകളും ഉണ്ടായിരുന്നുവെന്നും 2019-ൽ എക്യുഐഎസിൽ ചേരുകയും പിന്നീട് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെടുകയും ചെയ്ത ഇന്ത്യക്കാരനായ അസിം ഉമറിന്റെ വീഡിയോയും ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.









0 comments