ട്രാഫിക്കിൽ കുരുങ്ങി കുംഭമേള; 300 കിലോമീറ്ററോളം ​ഗതാഗതക്കുരുക്ക്

Traffic Jam
വെബ് ഡെസ്ക്

Published on Feb 10, 2025, 01:50 PM | 1 min read

പ്രയാ​ഗ്‍രാജ് : കുംഭമേളയെത്തുടർന്ന് ഉത്തർപ്രദേശിൽ വൻ ​ഗതാ​ഗതക്കുരുക്ക്. പ്രയാ​ഗ്‍രാജിൽ 300 കിലോമീറ്ററോളമാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. ഏകദേശം 48 മണിക്കൂറോളമായി പലയിടത്തും വാഹനങ്ങൾ കുരുക്കിൽപ്പെട്ട് കിടക്കുന്നതായാണ് വിവരം. 50 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 12 മണിക്കൂറോളമടുത്തെന്നാണ് യാത്രക്കാർ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാമാണ് പ്രയാ​ഗ്‍രാജിൽ ഉണ്ടായതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.


കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് ജനങ്ങളാണ് റോഡിൽ കുടുങ്ങിയത്. തീർഥാടക വാഹനങ്ങളുടെ നിര 300 കിലോമീറ്ററോളം കടന്നതോടെ യുപിയിലെ വിവിധ ജില്ലകളിലൂടെയുള്ള ​ഗതാ​ഗതം നിർത്തിവയ്ക്കാൻ പൊലീസ് ഉത്തരവിട്ടു. മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ യാത്രക്കാരെ തടഞ്ഞതായും വിവരമുണ്ട്. മധ്യപ്രദേശിലെ കട്നി, ജബൽപൂർ, മെഹാർ, രേവ ജില്ലകളിലെ റോഡുകളിൽ ആയിരക്കണക്കിന് വാഹനങ്ങൾ നിരനിരയായി കിടക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ ജില്ലകളിലൂടെയുള്ള ​ഗതാ​ഗതം നിർത്തിവച്ചിരിക്കുകയാണ്.


ഞായറാഴ്ചത്തെ തിരക്കാണ് ഗതാഗതക്കുരുക്കിന് കാരണമെന്നും രണ്ട് ദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ സാധാരണനിലയിലാകുമെന്നുമാണ് പൊലീസിന്റെ വാദം. തിരക്ക് കാരണം പ്രയാഗ്‌രാജിലെ റെയിൽവേ സ്റ്റേഷൻ 14 വരെ അടച്ചു. നിരവധി യാത്രക്കാരാണ് ദുരവസ്ഥ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home