മഹാകുംഭമേള: തിക്കിലുംതിരക്കിലും 30 പേർ മരിച്ചെന്ന് യുപി സർക്കാർ

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളക്കിടെ തിക്കിലുംതിരക്കിലുംപെട്ട് 30 പേർ മരിച്ചെന്ന് സ്ഥിരീകരിച്ച് യുപി സർക്കാർ.അമാവാസി ദിവസം പുലർച്ചെ ഒന്നിനും രണ്ടിനും മധ്യേ ഗംഗ– യമുന സംഗമസ്ഥാനത്ത് സ്‌നാനം നടത്താൻ തീർഥാടകർ ശ്രമിക്കവെയാണ് ദുരന്തമുണ്ടായത്. ഇവിടെ ക്രമീകരിച്ച പാതകളിലൊന്ന് വിഐപികൾക്കായും മറ്റൊന്നു നാഗസന്ന്യാസിമാർക്കായും നീക്കിവച്ചു. അവശേഷിച്ച പാതയിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ തിരക്ക് നിയന്ത്രിക്കാനും വരിയായി ആളുകളെ ഘട്ടുകളിലേയ്‌ക്ക് നയിക്കാനും പര്യാപ്‌തമായില്ല.
വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രതിപക്ഷപാർടികൾ ചൂണ്ടിക്കാട്ടി. കുംഭമേള തയ്യാറെടുപ്പുകൾക്കായി 7,500 കോടി രൂപ ചെലവിട്ടതായാണ് സർക്കാർ അവകാശപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടിയായി വിശേഷിപ്പിച്ച് കേന്ദ്രസർക്കാരും യുപി സർക്കാരും വൻപരസ്യം നൽകി. മഹാകുംഭമേള നടത്തിപ്പിന്റെ പേരിൽ രാഷ്‌ട്രീയമുതലെടുപ്പിന് ബിജെപി ശ്രമിച്ചുവരികയായിരുന്നു.
സ്ഥിതിഗതി നിയന്ത്രണാധീനമാണെന്നും കോടിക്കണക്കിന് പേർ അമാവാസി നാളിലെ ‘അമൃത സ്‌നാന’ത്തിൽ പങ്കെടുത്തുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ദുരന്തത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഡൽഹിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.









0 comments