വളം വിതരണത്തെ ചൊല്ലി ബഹളം: ഛത്തീസ്ഗഡ് നിയമസഭയിൽ 30 കോൺഗ്രസ് എംഎൽഎമാർക്ക് സസ്‌പെൻഷൻ

ഛത്തീസ്ഗഡ് നിയമസഭയിൽ നിന്ന് ഒരു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ
റായ്പൂർ: വളം വിതരണത്തെ ചൊല്ലി ബഹളം വച്ചെന്നാരോപിച്ച് ഛത്തീസ്ഗഡ് നിയമസഭയിൽ 30 കോൺഗ്രസ് എംഎൽഎമാർക്ക് സസ്‌പെൻഷൻ. ഒരു ദിവസത്തേക്കാണ് ഇവരെ സസ്പെൻഡ് ചെയ്തത്. ഡൈഅമോണിയം ഫോസ്ഫേറ്റ് (ഡിഎപി) വളത്തിന്റെ മതിയായ വിതരണം ഉറപ്പാക്കുന്നതിൽ സംസ്ഥാനത്തെ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹളം വച്ചത്. ചർച്ചയ്ക്കിടെ ഉണ്ടായ ബഹളം കാരണം സ്പീക്കർ സഭ രണ്ടുതവണ നിർത്തിവയ്ച്ചു.
ചോദ്യോത്തര വേളയിൽ മുതിർന്ന കോൺഗ്രസ് എംഎൽഎ ഉമേഷ് പട്ടേലാണ് ഈ വിഷയം ഉന്നയിച്ചത്. സംസ്ഥാനത്ത് ഡിഎപിയുടെ ആവശ്യകതയെയും അതിന്റെ വിതരണത്തെയും കുറിച്ചും ഈ വളത്തിന് ക്ഷാമമുണ്ടോ എന്നുമായിരുന്നു ചോദ്യം. 2025 ലെ ഖാരിഫ് വിള സീസണിൽ സംസ്ഥാനത്തിനായി 3,10,000 മെട്രിക് ടൺ ഡിഎപി കേന്ദ്രം ലക്ഷ്യമിടുന്നതായി സംസ്ഥാന കൃഷി മന്ത്രി രാംവിചാർ നേതം മറുപടി നൽകി.
2025 ഏപ്രിൽ മുതൽ ജൂൺ വരെ കേന്ദ്ര രാസവള മന്ത്രാലയം 2,19,100 മെട്രിക് ടണ്ണിന്റെ വിതരണ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിൽ ജൂൺ 30 വരെ 1,08,155 മെട്രിക് ടൺ വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സീസണിലെ 40,746 മെട്രിക് ടൺ സ്റ്റോക്ക് ഉൾപ്പെടെ ആകെ 1,48,900 മെട്രിക് ടൺ സംഭരിച്ചു.
പദ്ധതിപ്കാരം നിലവിലെ ഖാരിഫ് സീസണിൽ ഡിഎപിയുടെ വിതരണത്തിൽ കുറവുണ്ടായതായി മന്ത്രി പറഞ്ഞു. മൊത്തം ആവശ്യത്തിന്റെ 50 ശതമാനം പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് ഉമേഷ് പട്ടേൽ പറഞ്ഞു. സഹകരണ സംഘങ്ങൾക്കും സ്വകാര്യ മേഖലയ്ക്കും എത്ര അളവിലാണ് വളം നൽകിയതെന്നും എംഎൽഎ ചോദിച്ചു. മൊത്തം ഡിഎപി സ്റ്റോക്കിന്റെ 64 ശതമാനം സഹകരണ മേഖലയ്ക്കും ബാക്കി 36 ശതമാനം സ്വകാര്യ മേഖലയ്ക്കും നൽകിയിട്ടുണ്ടെന്ന് നേതം പറഞ്ഞു.
വളം സ്വകാര്യ മേഖലയിൽ ലഭ്യമാണെന്നും സഹകരണ സംഘങ്ങളിലെ ക്ഷാമം മുതലെടുത്ത് കടയുടമകൾ ഇത് കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നുണ്ടെന്ന് കോൺഗ്രസ് അംഗങ്ങൾ അവകാശപ്പെട്ടു. മന്ത്രിയുടെ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ച പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വച്ചു. ബഹളം രൂക്ഷമായതോടെ സഭ അഞ്ച് മിനിറ്റ് നേരത്തേക്ക് നിർത്തിവച്ചു.
സഭാ നടപടികൾ പുനരാരംഭിച്ചതിനുശേഷം കോൺഗ്രസ് അംഗങ്ങൾ വീണ്ടും വിഷയം ഉന്നയിച്ചു. ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് അവർ സഭയുടെ നടുത്തളത്തിലേക്ക് കയറിയതോടെ സഭ വീണ്ടും തടസപ്പെട്ടു.
തുടർന്ന് 30 കോൺഗ്രസ് എംഎൽഎമാരെ ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തതായി സ്പീക്കർ രാമൻ സിങ് അറിയിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് ചരൺ ദാസ് മഹന്ത്, മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവരും സസ്പെൻഡ് ചെയ്തവരിൽ ഉൾപ്പെടുന്നു. ഇവരോട് സഭയ്ക്ക് പുറത്ത് പോകാൻ സ്പീക്കർ ആവശ്യപ്പെട്ടു. 90 അംഗ സഭയിൽ 35 കോൺഗ്രസ് എംഎൽഎമാരാണുള്ളത്.









0 comments