print edition യുപിയിൽ 3 ക്രൈസ്‌തവരെ അറസ്റ്റ് ചെയ്‌തു; നടപടി ബജ്‌രംഗ്‍ദളിന്റെ പരാതിയിൽ

jail new
avatar
സ്വന്തം ലേഖകൻ

Published on Oct 21, 2025, 12:23 AM | 1 min read

ന്യൂഡൽഹി: യുപിയിലെ ഫൂൽപുരിൽ ബജ്‌രംഗ്‌ദളിന്റെ പരാതിയിൽ മൂന്ന്‌ ക്രിസ്‌തുമത വിശ്വാസികൾക്കെതിരെ മതപരിവർത്തന നിരോധന നിയമം ചുമത്തി കേസെടുത്തു. ഹിന്ദുക്കളെ പ്രലോഭിപ്പിച്ച്‌ ക്രിസ്‌തുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യുന്നുവെന്ന്‌ ആരോപിച്ചാണ്‌ കേസ്‌. മ‍ൂന്നുപേർ പിടിയിലായെന്നും ഒരാൾ ഒളിവിലാണെന്നും പൊലീസ്‌ പറഞ്ഞു. മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ നിരപരാധികളെ ദ്രോഹിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനുശേഷവും യുപി പൊലീസ്‌ വ്യാപകമായി കേസെടുക്കുകയാണ്‌.


ബജ്‌രംഗ്‌ദൾ ജില്ലാ നേതാവ് ശന്തനു തിവാരിയുടെ പരാതിയിലാണ്‌ ഫൂൽപുരിലെ ഹരിഭാൻപുർ ഗ്രാമത്തിലെ രാംകുമാർ പാൽ, രാംശരൺ ഗ‍ൗതം, ത്രിഭുവൻ ഗ‍ൗതം, സരിത ഗ‍ൗതം എന്നിവർക്കെതിരെ കേസെടുത്തത്‌. ഇവർ സംഘടിപ്പിച്ച പ്രാർഥനായോഗം ശന്തനു തിവാരിയും സംഘവും തടഞ്ഞിരുന്നു. തുടർന്നാണ്‌ മതപരിവർത്തനം ആരോപിച്ച്‌ പൊലീസിനെ സമീപിച്ചത്‌. ശന്തനു തിവാരിയുടെ പരാതിയിൽ ഫൂൽപുർ പൊലീസ്‌ സെപ്‌തംബറിൽ ഏഴ്‌ സ്‌ത്രീകളടക്കം 13 പേരെ അറസ്റ്റുചെയ്‌തിരുന്നു.


ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്‌ച ജില്ലാ അഡീഷണൽ ജഡ്‌ജി തള്ളി. പ്രലോഭിപ്പിച്ചുള്ള മതപരിവർത്തനമാണ്‌ ചുമത്തിയിട്ടുള്ള കുറ്റം. ക്രിസ്‌തു മതത്തിലേക്ക്‌ മാറാൻ പാവപ്പെട്ട ഹിന്ദുക്കൾക്ക്‌ പണം നൽകുക, മിഷണറി സ്‌കൂളുകളിൽ ജോലി വാഗ്‌ദാനം ചെയ്യുക, മറ്റുരീതികളിൽ പ്രലോഭിപ്പിക്കുക, ഹിന്ദുമതത്തെ ഇകഴ്‌ത്തുക തുടങ്ങിയ ആരോപണങ്ങളാണ്‌ പരാതിയിലുള്ളത്‌. മതപരിവർത്തനം ആരോപിച്ചുള്ള നിരവധി കേസുകൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരപരാധികളെ വേട്ടയാടരുതെന്ന നിരീക്ഷണം നടത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home