24-ാം പാർടി കോൺഗ്രസ്‌

24-ാം പാർടി കോൺഗ്രസ്‌; ആവേശത്തോടെ തമിഴ്‌ ജനത: സ്വാഗതസംഘം ചെയർമാൻ കെ ബാലകൃഷ്‌ണൻ പറയുന്നു

K Balakrishnan
avatar
Sajan Evugen

Published on Feb 28, 2025, 02:37 PM | 2 min read

തിരുവനന്തപുരം: മധുരയിൽ ഏപ്രിൽ രണ്ട്‌ മുതൽ ആറ്‌ വരെ നടക്കുന്ന സിപിഐ എം 24-ാം പാർടി കോൺഗ്രസിന്റെ തയ്യാറെടുപ്പുകൾക്ക്‌ തമിഴ്‌നാട്‌ ജനതയിൽനിന്ന്‌ ആവേശപൂർവമായ സഹകരണവും പിന്തുണയുമാണ്‌ ലഭിക്കുന്നതെന്ന്‌ സ്വാഗതസംഘം ചെയർമാനും പാർടി കേന്ദ്രകമ്മിറ്റി അംഗവുമായ കെ ബാലകൃഷ്‌ണൻ പറഞ്ഞു. ജീവിതപ്രശ്‌നങ്ങളിൽ ഒപ്പം നിൽക്കുന്ന പാർടി എന്ന നിലയിലാണ്‌ ജനങ്ങൾ സിപിഐ എമ്മിനെ കാണുന്നത്‌. സിപിഐ എം അംഗങ്ങളോ അനുഭാവികളോ അല്ലാത്തവരും പാർടി കോൺഗ്രസിന്റെ തയ്യാറെടുപ്പുകൾക്ക്‌ സഹായം നൽകുന്നു. നടത്തിപ്പിന്‌ ആവശ്യമായ ഫണ്ട്‌ ഹുണ്ടികപിരിവ്‌ വഴിയാണ്‌ ശേഖരിക്കുന്നത്‌. വൻതുകകൾ ആരിൽനിന്നും വാങ്ങുന്നില്ല. വീടുകളും കടകമ്പോളങ്ങളും സന്ദർശിച്ചാണ്‌ പാർടി പ്രവർത്തകർ ഫണ്ട്‌ ശേഖരിക്കുന്നത്‌-‘ദേശാഭിമാനി ഡിജിറ്റൽ’ കോ-ഓർഡിനേറ്റിങ്‌ എഡിറ്റർ സാജൻ എവുജിന്‌ നൽകിയ അഭിമുഖത്തിൽ കെ ബാലകൃഷ്‌ണൻ പറഞ്ഞു.


പാർടി കോൺഗ്രസിന്‌ സമാപനംകുറിച്ച്‌ ഏപ്രിൽ ആറിന്‌ നടക്കുന്ന റെഡ്‌ വളണ്ടിയർ പരേഡിൽ 15,000 പേർ അണിനിരക്കും. വളണ്ടിയർമാരുടെ പരിശീലനം പുരോഗിക്കുന്നു. ഇവരിൽ ഗണ്യമായ വിഭാഗം സ്‌ത്രീകളാണ്‌. റെഡ്‌ വളണ്ടിയർ പരേഡ്‌ ആറിന്‌ ഉച്ചയ്‌ക്കുശേഷം തുടങ്ങും. തിരക്കും ഗതാഗതപ്രശ്‌നങ്ങളും പരിഗണിച്ച്‌ പൊതുസമ്മേളനവും റാലിയും നഗരപ്രാന്തത്തിലേയ്‌ക്ക്‌ മാറ്റിയിട്ടുണ്ട്‌.റാലി വൈകിട്ടായിരിക്കും. ആയിരം പേരടങ്ങുന്ന സ്വാഗതസംഘം പാർടി കോൺഗ്രസ്‌ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നു.


മധുരയിൽ മൂന്നാം തവണ


ചരിത്രനഗരമായ മധുര മൂന്നാം തവണയാണ്‌ പാർടി കോൺഗ്രസിന്‌ ആതിഥേയത്വം വഹിക്കുന്നത്‌. 1953ൽ അവിഭക്ത പാർടിയുടെ മൂന്നാം പാർടി കോൺഗ്രസിനും 1972ൽ സിപിഐ എമ്മിന്റെ ഒൻപതാം പാർടി കോൺഗ്രസിനും മധുര ആതിഥേയത്വം വഹിച്ചു. രാജ്യത്ത്‌ ബിജെപി നയിക്കുന്ന കോർപറേറ്റ്‌–-വർഗീയ കൂട്ടുകെട്ടിന്റെ ഭരണം ജനങ്ങളുടെ സ്വൈരജീവിതത്തിന്‌ കടുത്ത ഭീഷണി ഉയർത്തുന്ന ഘട്ടത്തിലാണ്‌ സിപിഐ എം 24–-ാം പാർടി കോൺഗ്രസ്‌ ചേരുന്നത്‌. ബിജെപിക്ക്‌ കീഴടങ്ങാത്ത തമിഴ്‌നാടിനുനേരെ മോദിസർക്കാർ കടുത്ത ആക്രമണമാണ്‌ നടത്തുന്നത്‌. ദേശീയ വിഭ്യാഭ്യാസ പദ്ധതി–-2020 നടപ്പാക്കില്ലെന്ന്‌ പ്രഖ്യാപിച്ച തമിഴ്‌നാടിന്‌ വിദ്യാഭ്യാസമേഖലയിൽ കേന്ദ്രഫണ്ടുകൾ നൽകുന്നില്ല. പ്രകൃതിദുരന്തങ്ങൾ നേരിടാൻ കേന്ദ്രസഹായം നിഷേധിക്കുന്നു. കേരളം പോലെ തമിഴ്‌നാടും ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഇരകളാണ്‌. ജാതിമതവികാരം ആളിക്കത്തിച്ച്‌ തമിഴ്‌നാട്ടിൽ ഇടംനേടാനുള്ള ശ്രമത്തിലാണ്‌ ബിജെപി. ഇതിനെതിരെ മതനിരപേക്ഷ പാർടികൾ ജാഗ്രത പുലർത്തണം.


ഹിന്ദി അടിച്ചേൽപിക്കൽ


ഹിന്ദിഭാഷ അടിച്ചേൽപിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ നടത്തിയ ദീർഘപോരാട്ടങ്ങളുടെ ചരിത്രമാണ്‌ തമിഴ്‌നാട്ടിനുള്ളത്‌. തമിഴ്‌ജനത ഒരു ഭാഷയ്‌ക്കും എതിരല്ല. എന്നാൽ ത്രിഭാഷാ പദ്ധതി അടിച്ചേൽപിക്കുന്നത്‌ കുട്ടികളിൽ അനാവശ്യ സമ്മർദ്ദം സൃഷ്ടിക്കും. കുട്ടികൾ രണ്ട്‌ ഭാഷ പഠിച്ചാൽ മതിയെന്നത്‌ തമിഴ്‌നാടിന്റെ അംഗീകൃത നിലപാടും നിയമവുമാണ്‌. ഇത്‌ അട്ടിമറിക്കുന്നത്‌ അംഗീകരിക്കാൻ കഴിയില്ല. ജീവിതമാർഗം കണ്ടെത്താൻ സ്‌കൂളിൽ മൂന്ന്‌ ഭാഷ പഠിക്കണമെന്ന വാദം അസംബന്ധമാണ്‌. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഒട്ടേറെപ്പേർ യൂറോപ്പിലും മറ്റും തൊഴിൽചെയ്യുന്നുണ്ട്‌. അവരെല്ലാം സ്‌കൂൾതലം മുതൽ വിദേശഭാഷ പഠിച്ചവരല്ല. ലക്ഷക്കണക്കിന്‌ ഉത്തരേന്ത്യക്കാർ കേരളത്തിലും തമിഴ്‌നാട്ടിലും ജോലി ചെയ്യുന്നു. ഇവർ സ്‌കൂളിൽ തമിഴോ മലയാളമോ പഠിച്ചവരാണോ? ഹിന്ദി അടിച്ചേൽപിക്കുന്നത്‌ ആർഎസ്‌എസ്‌ പദ്ധതിയുടെ ഭാഗമാണ്‌. ഹിന്ദിയിൽ ഒതുങ്ങുന്നതല്ല ഈ പദ്ധതി, പിന്നീട്‌ സംസ്‌കൃതം അടിച്ചേൽപിക്കും. സംസ്‌കൃതമാകട്ടെ മൃതഭാഷയാണ്‌. ഹിന്ദിയുടെ അധിനിവേശത്തിൽ എത്രയോ ഭാഷകൾ നാമാവശേഷമായി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌, ഒരു രാജ്യം ഒരു നികുതി എന്നതുപോലെ വൈവിധ്യത്തെയും ഫെഡറലിസത്തെയും തകർക്കുന്നതിന്റെ ഭാഗമായാണ്‌ ഒരു രാജ്യം ഒരു ഭാഷയും അടിച്ചേൽപിക്കുന്നത്‌.


മണ്ഡലം പുനർനിർണയവും ദക്ഷിണേന്ത്യയും


ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പായതിന്റെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുകയാണ്‌. ലോക്‌സഭാ മണ്ഡലം പുനർനിർണയം നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം നടത്തിയാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകളുടെ എണ്ണം വൻതോതിൽ കൂടും. തമിഴ്‌നാട്ടിൽ സീറ്റ്‌ കുറയില്ലെന്നാണ്‌ ആഭ്യന്തരമന്ത്രി അമിത്‌ഷാ പറയുന്നത്‌. എന്നാൽ കുറയാത്തത്‌ മാത്രമല്ല പ്രശ്‌നം. ഉത്തർപ്രദേശിലും ബിഹാറിലും ബംഗാളിലും മറ്റും വൻതോതിൽ സീറ്റ്‌ കൂടുമ്പോൾ ആനുപാതികമായ വർധന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ ലഭിക്കില്ല. ഇത്‌ രാഷ്‌ട്രീയ നീതിനിഷേധത്തിന്‌ കാരണമാകും. ബിജെപിക്ക്‌ ദക്ഷിണേന്ത്യയിൽ രാഷ്‌ട്രീയഇടം കിട്ടാത്തതിന്റെ പേരിൽ രാഷ്‌ട്രീയപകപോക്കൽ നടത്തുകയാണ്‌–പാർടി മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ ബാലകൃഷ്‌ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home