ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 173 ഇന്ത്യക്കാർ കൂടി തിരിച്ചെത്തി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 173 ഇന്ത്യക്കാർ കൂടി തിരിച്ചെത്തി. അർമേനിയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് സംഘം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. വ്യാഴാഴ്ച രാത്രി ഇറാനിൽ നിന്നുമെത്തിയ സംഘത്തിൽ ഒരു മലയാളിയുമുണ്ട്. എഞ്ചിനീയറായിരുന്ന കോതമംഗലം സ്വദേശി അനന്ദു കൃഷ്ണനാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.
ഇതോടെ ഓപ്പറേഷൻ സിന്ധുവിലൂടെ തിരിച്ചെത്തിയ ഇന്ത്യക്കാരുടെ എണ്ണം 4415 ആയി. 19 വിമാനങ്ങളിലായി ഇറാനിൽ നിന്ന് 3597 പേരും ഇസ്രായേലിൽ നിന്ന് 818 പേരുമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇറാൻ ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കായി വ്യോമാതൃർത്തി തുറന്ന ഇറാന്റെ നടപടിക്ക് സർക്കാരിനോട് നന്ദി അറിയിക്കുന്നതായി വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.
പാലം വിമാനത്താവളത്തിൽ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലിൽ നിന്ന് 36 മലയാളികൾ ഇന്നലെ നാട്ടിലെത്തിയിരുന്നു. ഇന്ത്യൻ എയർഫോഴ്‌സിന്റെ സി 17 വിമാനത്തിലായിരുന്നു ഇവരുടെ യാത്ര. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ജൂൺ 25 നും 36 മലയാളികൾ ഇസ്രായേലിൽ നിന്നും ഇന്ത്യയിലെത്തിയിരുന്നു.ന്യൂഡൽഹിയിലെ പാലം എയർപോർട്ടിൽ രാവിലെ 11 ന് എത്തിയ ഇന്ത്യൻ എയർ ഫോഴ്‌സ് സി17 വിമാനത്തിൽ ആകെ 296 പ്രവാസി ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്.









0 comments