ബിൽ ജെപിസി പരിശോധിക്കും
മന്ത്രിമാരെ നീക്കാൻ ബിൽ ; എൻഡിഎ ഘടകകക്ഷികൾക്കും ആശങ്ക

ന്യൂഡൽഹി
കുറ്റാരോപണങ്ങളുടെ പേരിൽ അറസ്റ്റിലായി 30 ദിവസത്തിൽ കൂടുതൽ തടവിൽ കഴിയുന്ന മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും അയോഗ്യരാകാന്‍ നിര്‍ദേശിക്കുന്ന കേന്ദ്രസർക്കാരിന്റെ പുതിയ ബില്ലിൽ ജെഡിയുവും ടിഡിപിയും ജെഡിഎസും ഉൾപ്പെടെയുള്ള എൻഡിഎ ഘടകകക്ഷികള്‍ക്കും കടുത്ത ആശങ്ക. മുന്നണി മര്യാദകളുടെ പേരിൽ പരസ്യമായി രംഗത്തിറങ്ങിയില്ലെങ്കിലും ബില്ലിലെ പല വ്യവസ്ഥകളിലും വലിയ ആശങ്കയുണ്ടെന്ന് ജെഡിയു, ടിഡിപി നേതാക്കൾ പറയുന്നു. ബിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) പരിഗണിക്കുമ്പോൾ നിലപാട് അറിയിക്കും.
ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌കുമാറിനെയും ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബുനായിഡുവിനെയും ഉന്നമിട്ടുള്ളതാണെന്ന് ബില്‍ എന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ജെഡിയുവും ടിഡിപിയും മോദി സർക്കാരിനുള്ള പിന്തുണ ഒരുസാഹചര്യത്തിലും പിൻവലിക്കാതിരിക്കാനുള്ള ബ്ലാക്ക്‌മെയിൽ രാഷ്‌ട്രീയതന്ത്രത്തിന്റെ ഭാഗമാണ് പുതിയ ബില്ലെന്ന് തേജസ്വി ചൂണ്ടിക്കാണിച്ചു.
ലോക്‌സഭയിലെ 21 അംഗങ്ങളും രാജ്യസഭയിലെ 10 അംഗങ്ങളും ഉൾപ്പെടുന്ന ജെപിസി ബിൽ പരിശോധിക്കും. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും വേട്ടയാടാനുള്ള ഭരണഘടനാഭേദഗതി ബിൽ ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കേണ്ടതുണ്ട്. നിലവിൽ ഇരുസഭകളിലും ഇതിനുള്ള അംഗബലം കേന്ദ്രത്തിനില്ല. ഇൗ സാഹചര്യത്തിൽ ഭരണഘടനാഭേദഗതി ബിൽ ഇരുസഭകളും കടക്കാനുള്ള സാധ്യതയില്ല. ബിൽ സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെടുമെന്ന കാര്യവും ഉറപ്പ്.









0 comments