വേട്ടയാടാൻ ആയുധമാകും: സിപിഐ എം
അട്ടിമറി ബില്ലുമായി കേന്ദ്രസർക്കാർ ; ഭരണഘടനയുടെ അടിസ്ഥാനഘടന തകർക്കുന്ന നീക്കമെന്ന് പ്രതിപക്ഷം


എം അഖിൽ
Published on Aug 21, 2025, 01:12 AM | 2 min read
ന്യൂഡൽഹി
പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുറത്താക്കി സർക്കാരിനെ അട്ടിമറിക്കാൻ ജനാധിപത്യവിരുദ്ധ നിയമനിർമാണ നീക്കവുമായി കേന്ദ്രസർക്കാർ. ആരോപണം നേരിടുന്ന മുഖ്യമന്ത്രിമാരോ മന്ത്രിമാരോ അറസ്റ്റിലായി 30 ദിവസം തടവിൽ കഴിഞ്ഞാൽ അവരെ പദവിയിൽനിന്ന് പുറത്താക്കാനുള്ള ബിൽ ആഭ്യന്തരമന്ത്രി അമിത്‌ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു.
ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിന് രണ്ടുനാൾ മുമ്പ് അംഗങ്ങൾക്ക് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ പാലിക്കാതെ ആയിരുന്നു അവതരണം. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും നിയമനം, കാലാവധി വ്യവസ്ഥകളുള്ള ഭരണഘടനയുടെ 75–ാം അനുച്ഛേദം, മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും നിയമനം, കാലാവധി വ്യവസ്ഥകളുള്ള 164–ാം അനുച്ഛേദം തുടങ്ങിയവ ഭേദഗതി ചെയ്യുന്ന 130–ാം ഭരണഘടനാഭേദഗതി ബില്ലാണ് കേന്ദ്രം അതിനാടകീയമായി ബുധനാഴ്‌ച അവതരിപ്പിച്ചത്.
ജനാധിപത്യത്തിന് മരണമണിയാകുന്ന ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തി. നിയമത്തിന്റെ പകർപ്പുകൾ കീറി പ്രതിപക്ഷം ആഭ്യന്തരമന്ത്രിയുടെ മുഖത്തെറിഞ്ഞു. ബിൽ ഭരണഘടനയുടെ അടിസ്ഥാനഘടനയ്‌ക്കും നിയമവാഴ്‌ചയ്‌ക്കും എതിരാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബിൽ സംയുക്ത പാർലമെന്ററി സമിതി(ജെപിസി)യുടെ പരിഗണനയ്‌ക്ക് വിട്ടതായി ആഭ്യന്തരമന്ത്രി അറിയിച്ചു.
ഏതെങ്കിലും മന്ത്രി അറസ്റ്റിലായി 30 ദിവസം കഴിഞ്ഞാൽ മന്ത്രിയെ നീക്കണമെന്ന് ഗവർണറോട് മുഖ്യമന്ത്രി ശുപാർശ ചെയ്യണം. ഗവർണർ മന്ത്രിയെ ഉടൻ നീക്കണം. മുഖ്യമന്ത്രി ശുപാർശ ചെയ്‌തില്ലെങ്കിലും ജയിലിലായ മന്ത്രി 32–ാം ദിവസം മുതൽ അയോഗ്യനാകും. തടവിലായ മുഖ്യമന്ത്രി 31 നാൾക്കകം ഗവർണർക്ക് രാജിക്കത്ത് നൽകിയില്ലെങ്കിൽ അടുത്ത ദിവസം മുതൽ അയോഗ്യനാകും. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും വ്യവസ്ഥ ബാധകമാണെന്നും ബില്ലിൽ പറയുന്നു. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും പുറത്താക്കുന്ന കാര്യത്തിൽ രാഷ്‌ട്രപതിക്കാണ് അധികാരം.
മോചിതരായവർക്ക് വീണ്ടും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിയോ ആകാം. കേന്ദ്രഭരണപ്രദേശങ്ങളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുറത്താക്കാനുള്ള അധികാരവും രാഷ്‌ട്രപതിക്കാണ്. പുതിയ നിയമത്തിലെ വ്യവസ്ഥകൾ ഡൽഹി അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ ബാധകമാകുന്നതിന് 239 എഎ അനുച്ഛേദത്തിലും ജമ്മു കശ്‌മീർ പുനഃസംഘടന നിയമത്തിലും ഭേദഗതികൾ ആഭ്യന്തരമന്ത്രി അവതരിപ്പിച്ചു.
വേട്ടയാടാൻ ആയുധമാകും: സിപിഐ എം
മുപ്പത് ദിവസം കസ്റ്റഡിയിലാകുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ പുറത്താക്കുന്നതിനായി കൊണ്ടുവന്ന മൂന്നു ബില്ലുകൾക്കുമെതിരെ ശക്തമായി പൊരുതുമെന്ന് സിപിഐ എം. മോദി സർക്കാരിന്റെ നവഫാസിസ്റ്റ് പ്രവണതകൾ പരിഗണിക്കുമ്പോൾ, പ്രതിപക്ഷപാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ആയുധമായി വിവാദ ബില്ലുകളെ മാറ്റുമെന്ന് തീർച്ച –പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.
നിയമപരമായുള്ള വ്യവസ്ഥാപിത രീതികളെ മറികടക്കാൻ വളഞ്ഞ മാർഗങ്ങൾ സ്വീകരിക്കുന്ന മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ മനോഭാവത്തിന് മറ്റൊരു ഉദാഹരണമാണ് പുതിയ ബില്ലുകൾ. നിന്ദ്യവും ജനാധിപത്യവിരുദ്ധവുമാണിത്. ജുഡീഷ്യൽ പരിശോധന മറികടക്കാനായി ഇത്തരം നിയമനിർമാണം ഒറ്റയടിക്കു നടപ്പാക്കുന്ന രീതി മുമ്പും പരീക്ഷിച്ചിട്ടുണ്ട്. പുതിയ ബില്ലുകളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നത് ശരിയായ ഉദ്ദേശ്യലക്ഷ്യങ്ങളെ മറച്ചുപിടിക്കുന്നതിനാണ്. പ്രതിപക്ഷത്തെ എല്ലാ മതനിരപേക്ഷ– ജനാധിപത്യ ശക്തികളും ബില്ലിനെതിരെ യോജിച്ച് രംഗത്തുവരണം –പിബി ആഹ്വാനം ചെയ്‌തു.
അനുകൂലിച്ച് തരൂർ
ഭരണഘടനാ ഭേദഗതി ബില്ലിൽ തെറ്റൊന്നും താൻ കാണുന്നില്ലെന്ന് ശശി തരൂർ. 30 ദിവസം ജയിലിൽ കിടന്നാൽ ആർക്കെങ്കിലും മന്ത്രിയായി തുടരാനാകുമോ. അത് സാമാന്യമര്യാദയാണ്. ബിൽ സെലക്‌റ്റ് കമ്മിറ്റിക്ക് വിടുന്നത് നല്ല കാര്യം– തരൂർ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെയും പലവട്ടം കോൺഗ്രസ് നിലപാട് തരൂർ തള്ളിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങളിൽ മോദി സർക്കാരിനെ പ്രശംസിക്കുകയും ചെയ്‌തു.









0 comments