ജാതി വിവേചനം; പൊലിഞ്ഞത് ദളിത് വിഭാഗത്തിൽപ്പെട്ട 12 വയസുകാരന്റെ ജീവൻ

ഷിംല: ഹിമാചലിൽ തുടരുന്ന കടുത്ത ജാതി അതിക്രമങ്ങളുടെ ഭാഗമായി പൊലിഞ്ഞത് ദളിത് വിഭാഗത്തിൽപ്പെട്ട 12 വയസുകാരന്റെ ജീവൻ. ജാതിവിവേചനത്തിന്റെ ഭാഗമായുള്ള കുറ്റകൃത്യങ്ങളോടുള്ള അധികാരികളുടെ സമീപനം കൂടി വ്യക്തമാകുന്നതാണ് ഈ കേസ്. ഔദ്യോഗിക സംവിധാനത്തിനും മാധ്യമങ്ങൾക്കും ഈ വിഷയം മനസ്സിലാക്കാൻ രണ്ടാഴ്ചയിലധികം സമയമെടുത്തു. സെപ്റ്റംബർ 16നാണ് സംഭവം.
ഷിംലയിലെ റോഹ്രു സബ് ഡിവിഷനിലെ ലിംബ്ഡ ഗ്രാമത്തിലെ കോളി ദളിത് സമുദായത്തിൽ നിന്നുള്ള ആറാം ക്ലാസ് വിദ്യാർഥിയാണ് ഇരയായതെന്ന് എച്ച്പിഎസ്സിസി ചെയർമാൻ കുൽദീപ് ധിമാൻ ദി വയറിനോട് പറഞ്ഞു. സെപ്റ്റംബർ 16ന് ഉയർന്ന ജാതിയിൽപ്പെട്ട രജ്പുത് സമുദായത്തിൽപ്പെട്ട പുഷ്പ ദേവി എന്ന സ്ത്രീ നടത്തുന്ന കടയിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ വിദ്യാർഥി എത്തി. കടയുടെ കൌണ്ടറിൽ ആരും ഇല്ലാതിരുന്നതിനാൽ കുട്ടി അടുത്തുള്ള വീടിലേക്ക് ചെന്നതാണ് വിവാദമായത്. ദളിതനായ കുട്ടി വീടിന്റെ ശുദ്ധി ഇല്ലാത്തതാക്കി എന്നായിരുന്നു ആരോപണം.
തുടർന്ന് സ്ത്രീയും ഒപ്പമുള്ളവരും വീടിനോട് ചേർന്നുള്ള ഗോശാലയിൽ കുട്ടിയെ പൂട്ടിയിട്ടു. തന്റെ വീട് ശുദ്ധീകരിക്കാൻ മാതാപിതാക്കൾ ഒരു ആടിനെ യാഗമായി കൊണ്ടുവരുന്നതുവരെ അഴിച്ചുവിടില്ലെന്നായിരുന്നു ഭീഷണി. എന്നാൽ വിദ്യാർഥി വീട്ടുകാരുടെ കണ്ണുവെട്ടിച്ച് അമ്മയുടെ അടുത്തെത്തി കാര്യങ്ങൾ പറഞ്ഞു. ശേഷം അമ്മ സഹായത്തിനായി ബന്ധുക്കളെ വിളിക്കാൻ പോയപ്പോഴേക്കും കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
പാവപ്പെട്ട മാതാപിതാക്കൾ എങ്ങനെ ഒരു ആടിനെ നൽകുമെന്നാണ് അവൻ ഓർത്തത്. അവനൊരു സാധുവായിരുന്നു, നേരിട്ട് ബുദ്ധിമുട്ടുകളാണ് അവന്റെ ജീവനെടുത്തത് - അമ്മ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കേസിൽ പൂർണ്ണ നീതി ലഭിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും പൊലീസും സവർണർക്കൊപ്പമാണ് നിന്നതെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. കുട്ടി മരിച്ച് മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബർ 20 ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പ്രതികൾക്ക് രക്ഷപെടാനുള്ള സാധ്യതകൾ തുറന്നിട്ടിട്ടുണ്ട്. എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിന് ലോക്കൽ പൊലീസ് പരാജയപ്പെട്ടു. പകരം, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം മാത്രമാണ് ചുമത്തിയത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രതികൾക്കെതിരെ അധിക കുറ്റം ചുമത്തുമ്പോഴേക്കും അവർ ഹിമാചൽ പ്രദേശ് ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യമെടുത്തിരുന്നു.









0 comments