"ധർമ്മ സൻസദ്"; യുപി പൊലീസിനെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 06:05 PM | 0 min read

ന്യൂഡൽഹി > ഗാസിയാബാദിൽ നടക്കുന്ന  "ധർമ്മ സൻസദ്" പരിപാടിയെ ചൊല്ലി   ഗാസിയാബാദ് ജില്ലാ ഭരണകൂടത്തിനും യുപി പൊലീസിനുമെതിരെ  നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കൂടാതെ പരിപാടിയിൽ “എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കാൻ അധികാരികളോട് പറയൂ,”  എന്നാണ്‌ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് യുപിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജിനോട് പറഞ്ഞത്‌.

ഡിസംബർ 17 നും ഡിസംബർ 21 നും ഇടയിൽ യതി നരസിംഹാനന്ദ് ഫൗണ്ടേഷന്റെ "ധർമ സൻസദ്"  ഗാസിയാബാദിലെ ദസ്നയിലെ ശിവ-ശക്തി ക്ഷേത്ര സമുച്ചയത്തിൽ നടത്താൻ നിർദ്ദേശിച്ചിരുന്നു. ഈ പരിപാടിയിലാണ്‌  “എന്താണ് സംഭവിക്കുന്നതെന്ന് നോഡൽ ഓഫീസർമാർ നിരീക്ഷിക്കണം,” ധർമ സൻസദിൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നും  ബെഞ്ച് ആവശ്യപ്പെട്ടത്‌.

വിദ്വേഷ പ്രസംഗങ്ങളും വർഗീയ പ്രവർത്തനങ്ങളും നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതിയുടെ നിർദേശമുണ്ടായിട്ടും അതിനെ "ബോധപൂർവ്വം അവഹേളിച്ചതിന്" ഗാസിയാബാദ് ജില്ലാ ഭരണകൂടത്തിനും യുപി പൊലീസിനുമെതിരെയാണ്‌ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്‌. ആക്ടിവിസ്റ്റ് അരുണ റോയ്, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് കുമാർ ശർമ, മുൻ ഐഎഫ്എസ് ഓഫീസർമാരായ ദേബ് മുഖർജി, നവരേഖ ശർമ തുടങ്ങിയവരാണ്‌ ഹർജി സമർപ്പിച്ചത്‌.
ധർമ സൻസാദിൽ മുസ്‌ലിംകളെ വംശഹത്യ ചെയ്യാനുള്ള തുറന്ന ആഹ്വാനമുണ്ടെന്നും ഡിസംബർ 17 ന് പരിപാടി ആരംഭിക്കുന്നതിനാൽ ഹർജിയിൽ അടിയന്തര വാദം കേൾക്കേണ്ടതുണ്ടെന്നും ഹർജിക്കാർക്ക്‌ വേണ്ടി ഹാജരായ  പ്രശാന്ത്‌  ഭൂഷൺ പറഞ്ഞിരുന്നു.

വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന  വ്യക്തികൾക്കെതിരെ പരാതിയില്ലാതെ കേസുകൾ രജിസ്റ്റർ ചെയ്യാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും 2023 ഏപ്രിൽ 28-ന്  സുപ്രീംകോടതി ഉത്തരവ് പ്രകാരം ആവശ്യപ്പെട്ടിരുന്നു. 2022 ഒക്ടോബർ 21 ലെ ഒരു  ഉത്തരവിൽ ഇത്തരം സന്ദർഭങ്ങളിൽ മതം മാനദണ്ഡമാകരുതെന്നും കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യുപി ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു.

മുമ്പ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന "ധർമ സൻസദ്" പരിപാടിയിൽ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ നരസിംഹാനന്ദ് ഉൾപ്പെടെ നിരവധി പേർക്കെതിരെ  നിയമ നടപടികൾ ആരംഭിച്ചിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home