രൂപയ്‌ക്ക് റെക്കോഡ് തകർച്ച ; കയറ്റുമതി ഇടിഞ്ഞു, വ്യാപാരക്കമ്മി കുതിച്ചു , ഓഹരിവിപണിയും നഷ്ടത്തിലേക്ക്

കൊച്ചി
ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ. അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ തുടർച്ചയായി തിരിച്ചടി നേരിട്ട് ചൊവ്വാഴ്ച 84.93ലേക്ക് ഇടിഞ്ഞു. ഇന്റർബാങ്ക് ഫോറെക്‌സ് വിപണിയിൽ 84.89 നിരക്കിലാണ് രൂപ വ്യാപാരം തുടങ്ങിയത്. മുൻദിവസത്തെ അവസാന നിരക്കായ 84.88 ൽനിന്ന് ഒരു പൈസ തുടക്കത്തിൽ നഷ്ടമായി. വ്യാപാരം പുരോഗമിച്ചപ്പോൾ നഷ്ടം അഞ്ച് പൈസയായി വർധിച്ച് 84.93ലേക്ക് കൂപ്പുകുത്തി. ഒടുവിൽ മുൻദിവസത്തെ മൂല്യത്തിൽനിന്ന് രണ്ട് പൈസ നഷ്ടത്തിൽ 84.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
രാജ്യത്തെ കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതോടെ നവംബറിൽ വ്യാപാര കമ്മി കുത്തനെ വർധിച്ചതും ഓഹരിവിപണിയിലെ തകർച്ചയും ഡോളർ സൂചിക ശക്തിപ്പെടുന്നതുമാണ് പ്രധാനമായും രൂപയ്ക്ക് തിരിച്ചടിയായത്. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ വ്യാപാര നയ പ്രഖ്യാപനങ്ങൾ ഡോളറിനെ ശക്തിപ്പെടുത്തുന്നതിനാൽ വരുംദിവസങ്ങളിൽ മൂല്യം വീണ്ടും താഴ്ന്ന് ഒരു ഡോളറിന് 85 രൂപ എന്ന നിലയിലേക്ക് എത്തിയേക്കുമെന്ന് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നു.
കയറ്റുമതി ഇടിഞ്ഞു, വ്യാപാരക്കമ്മി കുതിച്ചു
ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോഡ് ഉയരത്തിൽ. നവംബറിൽ 3784 കോടി ഡോളറായാണ് വർധിച്ചത്. ഇറക്കുമതിയിലുണ്ടായ വൻവർധനയും കയറ്റുമതിയിലെ കുറവുമാണ് ഇത് ഉയർത്തിയത്. നവംബറിൽ 6995 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഒക്ടോബറിൽ ഇറക്കുമതി 6634 കോടി ഡോളറായിരുന്നു.
കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം മുൻ മാസത്തെ അപേക്ഷിച്ച് 361 കോടി ഡോളറിന്റെ ഇറക്കുമതിയാണ് (5.44 ശതമാനം) വർധിച്ചത്. കഴിഞ്ഞവർഷം നവംബറിലേക്കാൾ 1489 കോടി ഡോളറാണ് (27.04 ശതമാനം) വാർഷിക വർധന. അതേസമയം നവംബറിൽ ചരക്ക് കയറ്റുമതിയിൽ 4.85 ശതമാനം വാർഷിക ഇടിവ് രേഖപ്പെടുത്തി. 2023 നവംബറിൽ 3375 കോടി ഡോളറിന്റെ കയറ്റുമതി നേടിയപ്പോൾ കഴിഞ്ഞമാസമിത് 3211 കോടി ഡോളറായി. നവംബറിൽ സ്വർണത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ഇറക്കുമതിയാണ് പ്രധാനമായും വ്യാപാര കമ്മി ഉയരാൻ ഇടയാക്കിയതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പറയുന്നു. 1486 കോടി ഡോളറിന്റെ സ്വർണമാണ് നവംബറിൽ ഇറക്കുമതി ചെയ്തത്.
ഓഹരിവിപണിയും നഷ്ടത്തിലേക്ക്
ഓഹരിവിപണി ആഴ്ചയുടെ രണ്ടാംദിവസം കനത്ത നഷ്ടത്തിലേക്ക് വീണു. വിദേശ നിക്ഷേപകർ വീണ്ടും വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും രാജ്യത്തെ വ്യാപാര കമ്മി കുത്തനെ ഉയർന്നതും ആശങ്ക സൃഷ്ടിച്ചപ്പോൾ വിപണി പൂർണമായും കരടികളുടെ പിടിയിലമർന്നു. ബിഎസ്ഇ സെൻസെക്സ് 1064.12 പോയിന്റ് (1.30 ശതമാനം) നഷ്ടത്തിലേക്ക് വീണ് 80684.45 ലും വ്യാപാരത്തിനിടയിൽ 24,303.45 വരെ താഴ്ന്ന നിഫ്റ്റി 332.25 പോയിന്റ് (1.35 ശതമാനം) നഷ്ടത്തിൽ 24336ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ മൊത്തം ഓഹരി മൂല്യം 461. 33 ലക്ഷം കോടിയിൽനിന്ന് 455.13 ലക്ഷം കോടി രൂപയായി താഴ്ന്നു. ഒറ്റദിവസംകൊണ്ട് 6.2 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്.









0 comments