സംഭലിൽ ബുൾഡോസർ രാജ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 01:52 AM | 0 min read

ന്യൂഡൽഹി
ഉത്തർപ്രദേശിൽ നാല് മുസ്ലിം യുവാക്കളെ പൊലീസ്‌ വെടിവച്ചുകൊന്ന സംഭൽ ജുമാ മസ്‌ജിദിന്റെ പരിസര പ്രദേശങ്ങളിലെ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇടിച്ചുനിരത്തി ആദിത്യനാഥ്‌ സർക്കാർ. കൈയേറ്റം ഒഴിപ്പിക്കലെന്ന പേരിലാണ് മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇടിച്ചുനിരത്തുന്നത്. ഞായറാഴ്‌ച മിയൻ സരായിൽ ഒരു മസ്‌ജിദിന്റെ പടവുകളും വീടുകളും ഇടിച്ചുനിരത്തി. ബുൾഡോസർരാജ്‌ ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതിവിധി വന്ന്‌ ഒരുമാസം പിന്നിടുമ്പോഴാണ് നിയമത്തെ നോക്കുകുത്തിയാക്കി ബിജെപി സർക്കാരിന്റെ നടപടി. പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംഭൽ എംപി സിയാ ഉർ റഹ്മാൻ ബർഖിന്റെ ദീപസരായിലുള്ള വീട്‌ അനധികൃതമായി നിർമിച്ചതാണെന്ന്‌ ആരോപിച്ച്‌ നോട്ടീസും നൽകി.  

   സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വന്ദന മിശ്രയുടെ നേതൃത്വത്തിലാണ്‌ ഹിന്ദുപുര ഖേഡയിൽ ഇടിച്ചുനിരത്തൽ. എസ്‌പി എംഎൽഎ ഇഖ്ബാൽ മഹ്മൂദിന്റെ പ്രദേശം കൂടിയാണിത്‌. ദ്രുതകർമസേനയെ വിന്യസിച്ചായിരുന്നു നടപടി. തകർക്കപ്പെട്ട പല കെട്ടിടങ്ങളുടെ ഉടമകൾക്കും നോട്ടീസ്‌ കിട്ടിയിട്ടില്ലെന്നും നോട്ടീസ്‌ ലഭിച്ചവർക്ക്‌ വാദം ഉന്നയിക്കാൻ സമയം നൽകിയില്ലെന്നും ആക്ഷേപമുണ്ട്‌. പൊതുസ്ഥലങ്ങൾ കൈയ്യേറിയുള്ള അനധികൃതനിർമാണം പൊളിക്കാനുള്ള വിശദമായ മാർഗരേഖ സുപ്രീംകോടതി കഴിഞ്ഞ മാസം പുറപ്പെടുവിച്ചിരുന്നു. കൃത്യമായി നോട്ടീസ്‌ നൽകണമെന്നും മറുവാദത്തിന്‌ സമയം കൊടുക്കണമെന്നും വ്യക്തമാക്കിയിരുന്നു. ക്രിമിനൽകേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെയോ പ്രതികളാകുന്നവരുടെയോ വീടുകളോ കെട്ടിടങ്ങളോ ‘പ്രതികാര’ നടപടിയായി പൊളിക്കുന്നതും വിലക്കി. വിധിമറികടന്ന്‌ പൊളിക്കൽ നടത്തുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട്‌ ചെയ്യുമെന്നും കെട്ടിടങ്ങൾ പൂർവ്വ സ്ഥിതിയിലാക്കാൻ അവരുടെ പക്കൽനിന്നും പണം ഈടാക്കുമെന്നും വിധിയിലുണ്ടായിരുന്നു. എന്നാൽ ഈ മാർഗനിർദേശങ്ങളും കോടതിവിധിയും കാറ്റിൽ പറത്തിയാണ്‌  വീടുകൾ തച്ചുതകർത്തത്‌.

     പ്രദേശത്തുള്ള നാല്‌ മസ്ജിദുകളും ഒരു മദ്രസയും 1.25 കോടിയുടെ വൈദ്യുതി മോഷണം നടത്തിയെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. 49 പേർക്കെതിരെ കെെയേറ്റത്തിന് കേസെടുത്തു. അതേസമയം, രണ്ടുദിവസം മുമ്പ്‌ സംഭൽ ഷാഹി ജുമാ മസ്‌ജിദിന്‌ ഒരു കിലോമീറ്റർ അകലെ കണ്ടെത്തിയ ശിവക്ഷേത്രത്തിൽ ഞായറാഴ്‌ച പൂജകൾ തുടങ്ങി.
 



deshabhimani section

Related News

View More
0 comments
Sort by

Home