ശംഭു അതിർത്തിയിൽ വീണ്ടും കര്‍ഷകവേട്ട: പിന്നോട്ടില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 02:34 PM | 0 min read

ന്യൂഡൽഹി> ‘ഡൽഹി ചലോ’ മാർച്ച്‌ നടത്തുന്ന കർഷകർക്കുനേരെ പഞ്ചാബ്‌ –-ഹരിയാന അതിർത്തിയായ  ശംഭുവിൽ വീണ്ടും ഹരിയാന പൊലീസ്‌ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സമാധാനപരമായി ജാഥ നടത്തിയ 101 കര്‍ഷകര്‍ക്ക് നേരെയാണ്  ഉഗ്രശേഷിയുള്ള  കണ്ണീർവാതക ഗ്രനേഡുകളടക്കം പ്രയോ​ഗിച്ചത്. പുക ശ്വസിച്ച്‌ നിരവധി കര്‍ഷകര്‍ അവശരായി. തുടര്‍ച്ചയായ കര്‍ഷകവേട്ടയിൽ പ്രതിഷേധിച്ച്  16ന്  പഞ്ചാബിന് പുറത്ത് ട്രാക്ടര്‍ മാര്‍ച്ചും 18ന് പഞ്ചാബിൽ ട്രെയിൻ തടയൽ സമരവും  കർഷകനേതാവ്‌  സർവൻ സിങ്‌ പന്ഥർ പ്രഖ്യാപിച്ചു.
   വിളകൾക്ക്‌ ആദായകരമായ മിനിമം താങ്ങുവില(എംഎസ്‌പി) ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌ പഞ്ചാബിൽനിന്ന്‌ മാർച്ച്‌ ചെയ്‌തെത്തിയ കർഷകർക്കുനേരെയാണ്‌ പൊലീസ്‌ നടപടി.  സമരം നേരിടാൻ അംബാല ജില്ലയിലെ 12 ഗ്രാമത്തിൽ ഹരിയാന സർക്കാർ ഇന്റർനെറ്റ്‌ സേവനങ്ങൾ നിർത്തിവച്ചു. ഹരിയാനയിലെ കർഷകർ മാർച്ചിൽ പങ്കുചേരുന്നത്‌ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്‌.
പരിക്കേറ്റ 17 കര്‍ഷകരിൽ പലരുടെയും നില ​ഗുരുതരമാണ്. മതിയായ ചികിത്സ കര്‍ഷകര്‍ക്കുകിട്ടുന്നില്ലെന്നും സര്‍വന്‍ സിങ് പറഞ്ഞു. കര്‍ഷകര്‍ക്കുനേരെ ബലപ്രയോ​ഗം നടത്തുകയാണ്. രാസവസ്തുകലര്‍ത്തിയ വെള്ളമാണ് കര്‍ഷകര്‍ക്കുനേരെ പ്രയോ​ഗിച്ചത്. കൊടികളും വസ്‌ത്രങ്ങളും മാത്രമാണ്‌ കർഷകരുടെ കൈയിലുള്ളത്‌. ആവശ്യങ്ങൾ ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഡൽഹിയിലേയ്‌ക്ക്‌ പോകുന്നത്‌.  ഖന്നൗരിയിൽ നിരാഹാരസമരം നടത്തുന്ന സംയുക്ത കിസാൻ മോർച്ച (രാഷ്‌ട്രീയേതര വിഭാഗം) കൺവീനർ ജഗ്‌ജിത്‌ സിങ്‌ ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി വഷളായി. പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരുടെ കൺമുന്നിലാണ്‌ ഇതെല്ലാം നടക്കുന്നതെന്നും സർവൻ സിങ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home