മുല്ലപ്പൂ തൊട്ടാൽ പൊള്ളും; തമിഴ്‌നാട്ടിൽ കിലോയ്ക്ക് 4500 രൂപ

ചെന്നൈ > തമിഴ്‌നാട്ടിൽ മുല്ലപ്പൂവിന്റെ വില കുതിച്ചുയരുന്നു. 4500 രൂപയാണ് ഇന്ന് ഒരു കിലോ മുല്ലപ്പൂവിന്റെ വില. സംസ്ഥാനത്ത് ഏറ്റവുമധികം കല്യാണങ്ങളും മറ്റു ചടങ്ങുകളും നടക്കുന്ന മാസമാണ് ഡിസംബർ. കല്യാണ സീസൺ ആയതോടെ പൂവിലയിൽ വർധനവുണ്ടായിരുന്നു. എന്നാൽ ഫെയ്ൻജൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ കൃഷി നശിച്ചുപോയതോടെ വില കുതിച്ചുയർന്നു.
തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്. ഇവിടങ്ങളിൽ മഴ വ്യാപക നാശം വിതച്ചിരുന്നു. ഏക്കറുകണക്കിന് മുല്ലപ്പൂ കൃഷിയാണ് നശിച്ചത്. ജനുവരി വരെ വില ഉയരുന്നത് തുടരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കേരളത്തിലും മുല്ലപ്പൂവിന് വില വർധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ 2000 രൂപയാണ് ഒരു കിലോ മുല്ലപ്പൂവിന് വില. കേരളത്തിൽ സീസണിൽ ഈ വിലക്കയറ്റം സാധാരണമാണ്. കഴിഞ്ഞ ഓണത്തിന് ജില്ലയിൽ ഒരു കിലോ മുല്ലപ്പൂവിന് 5500 രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു.









0 comments