1997ലെ കസ്റ്റഡി പീഡനക്കേസ് ; സഞ്ജീവ് ഭട്ടിനെ വെറുതെവിട്ടു

ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്കെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതിന്റെ പേരിൽ ബിജെപി സര്‍ക്കാര്‍ വേട്ടയാടുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ 1997ലെ കസ്റ്റഡി പീഡനക്കേസിൽ കോടതി വെറുതെ വിട്ടു. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കി ഗുജറാത്ത് പോർബന്തർ അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യയാണ് കുറ്റവിമുക്തനാക്കിയത്. കേസിലെ മറ്റൊരു പ്രതി പൊലീസ് കോൺസ്‌റ്റബിൾ വാജുഭായ് ചൗ നേരത്തെ മരിച്ചു. അതേസമയം, ജാംനഗറിൽ 1996ലുണ്ടായ കസ്റ്റഡി കൊലപാതക കേസിൽ ജീവപര്യന്തവും അഭിഭാഷകനെ കുടുക്കാൻ മയക്കുമരുന്ന് ബാഗിൽവച്ചുവെന്ന കേസിൽ 20 വർഷം തടവിനും ശിക്ഷിക്കപ്പെട്ടിട്ടുള്ളതിനാൽ ജയിൽ മോചിതനാകില്ല. രാജ്കോട്ട് ജയിലിലുള്ള ഭട്ടിനായി ഭാര്യ ശ്വേത ഭട്ടാണ് നിയമപോരാട്ടം നടത്തിയത്. സ്വാതന്ത്ര്യത്തിലേക്കും നീതിയിലേക്കുമുള്ള പുതിയ അധ്യായമാണ് വിധിയെന്ന് സാമൂഹ്യപ്രവർത്തക ഷബ്‌നം ഹാഷ്‌മി പ്രതികരിച്ചു.
പരാതി 1997ൽ, കേസ് 2013ൽ
1994ൽ പാക്കിസ്ഥാനിൽ നിന്ന് സ്‌ഫോടകവസ്‌തുക്കൾ എത്തിച്ച കേസിൽ പ്രതിയായിരുന്ന നരൺ ജാദവ് നൽകിയ കസ്‌റ്റഡി പീഡനം ആരോപിച്ചുള്ള കേസിലാണ് ഭട്ടിനെ കുറ്റവിമുക്തനാക്കിയത്. 1997 ജൂലൈ അഞ്ചിന് സബർമതി ജയിലിൽ കഴിഞ്ഞ ജാദവിനെ ട്രാൻസ്‌ഫർ വാറണ്ട് വാങ്ങിയശേഷം പോർബന്തറിലെ ഭട്ടിന്റെ വസതിയിലെത്തിച്ച് ചോദ്യം ചെയ്‌തുവെന്നും കുറ്റം സമ്മതിക്കാൻ വൈദ്യുതാഘാതമേൽപ്പിച്ചെന്നുമായിരുന്നു പരാതി. 1998 ഡിസംബറിൽ ജുഡിഷ്യൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും 2013ൽ മാത്രമാണ് ഗുജറാത്ത് പൊലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. എന്നാൽ, പീഡനം ഏൽപ്പിച്ചതിന്റെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട സമയത്തെ പോർബന്തർ എസ്‌പിയായിരുന്ന ഭട്ടിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ചട്ടപ്രകാരമുള്ള അനുമതി പോലും വാങ്ങിയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2002ലെ ഗുജറാത്ത് വംശഹത്യക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്കെതിരെ 2011ൽ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകിയതോടെയാണ് സഞ്ജീവ് ഭട്ടിനെതിരെ തുടർച്ചയായി കേസുകളെടുത്തത്. മോദി പ്രധാനമന്ത്രിയായതിനുപിന്നാലെ 2015ൽ കേന്ദ്രസർക്കാർ ഭട്ടിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു.









0 comments