തിരിച്ചെത്തിയത് 7 വയസിൽ കാണാതായ മകനല്ല; പല പേരിൽ പല കുടുംബങ്ങളിൽ തട്ടിപ്പ്, യുവാവ് അറസ്റ്റിൽ

ലഖ്നൗ> വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകനെന്ന പേരില്‍ കുടുംബത്തിനരികിലെത്തിയത് തട്ടിപ്പുവീരനെന്ന് കണ്ടെത്തല്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇന്ദ്രജ് അഥവാ രാജു എന്ന രാജസ്ഥാന്‍ സ്വദേശിയെ ഗാസിയാബാദ് പൊലീസ് അറസ്റ്റു ചെയ്തു. ഇത്തരത്തില്‍ ബന്ധം സ്ഥാപിച്ച് വീടുകളില്‍ കയറിപ്പറ്റി മോഷണം നടത്തി കടന്നുകളയുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു.
ഗാസിയാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴു വയസുകാരന്‍ 30 വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയത് വലിയ വാർത്തയായിരുന്നു. എന്നാല്‍, ഇയാള്‍ തങ്ങളുടെ നഷ്ടപ്പെട്ട മകനാണെന്നും മാസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ക്കൊപ്പം താമസിച്ചിരുന്നെന്നും ആരോപിച്ച് ഡെറാഡൂണില്‍ നിന്നുള്ള മറ്റൊരു കുടുംബം രംഗത്തെത്തിയതോടെയാണ് കഥ മാറിയത്.
തട്ടിക്കൊണ്ടു പോയ സംഘം തന്നെ വര്‍ഷങ്ങളായി കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്നും ജീവന്‍ നിലനിര്‍ത്താന്‍ ഒരു റൊട്ടി മാത്രമാണ് നല്‍കിയിരുന്നതെന്നും ഇയാള്‍ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ രാജുവിനെക്കുറിച്ചുള്ള പോസ്റ്റ് ഇട്ടതും പൊലീസാണ്.
1993 ല്‍ ഏഴ് വയസുള്ളപ്പോള്‍ കാണാതായ കുട്ടിയാണെന്ന് സ്ഥാപിച്ചാണ് ഇയാള്‍ നവംബര്‍ 24ന് ഗാസിയാബാദില്‍ പൊലീസിനെ സമീപിക്കുന്നത്. പൊലീസിനോട് തന്റെ കുടുംബത്തെ കണ്ടെത്തണമെന്ന് സഹായം അഭ്യര്‍ഥിച്ചു. പൊലീസുകാര്‍ സോഷ്യല്‍ മീഡിയയില്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെച്ചു. ഇതോടെ ഗാസിയാബാദിലെ ഒരു കുടുംബം തങ്ങളുടെ കാണാതായ മകന്‍ ഭീം സിങ്ങാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും ഇയാളെ കൂടെ കൊണ്ടുപോവുകയുമായിരുന്നു.









0 comments