മഹാരാഷട്രയിൽ എംവിഎ സഖ്യത്തിൽ നിന്നും സമാജ്‌വാദി പാര്‍ട്ടി പുറത്തേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 07:44 PM | 0 min read

മുംബൈ> മഹാരാഷട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്നും സമാജ്‌വാദി പാര്‍ട്ടി പുറത്തേക്ക്.  ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ഇറക്കിയ സോഷ്യൽ മീഡിയ പോസ്റ്റാണ് പ്രകോപനം.

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 32-ാം വാര്‍ഷികത്തില്‍ ശിവസേന നേതാവായ മിലിന്ദ് നര്‍വേകര്‍ അതിനെ പ്രശംസിച്ച് പോസ്റ്റ് ഷെയർ ചെയ്തു. ബാബറി മസ്ജിദിന്റെ ചിത്രവും ശിവസേന സ്ഥാപകനായ ബാല്‍ താക്കറേയുടെ ചിത്രവും ' ഇത് ചെയ്തവരെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു' എന്ന ബാൽതാക്കറേയുടെ വാക്കുകളും ചേർത്താണ്  പോസ്റ്റ്. മണ്ണിന്റെ മക്കൾ വാദവും വിഭാഗീയ രാഷ്ട്രീയവും ഉയർത്തിപ്പിടിച്ചിരുന്ന കാലത്തെ നേതാവാണ്. പോസ്റ്റിൽ ഉദ്ദവ് താക്കറേയുടേയും ആദിത്യ താക്കറേയുടേയും സ്വന്തം ചിത്രവും മിലിന്ദ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



മഹാരാഷ്ട്ര നിയമസഭയില്‍ രണ്ട് എംഎല്‍എമാരാണ് സമാജ്‌വാദി പാര്‍ട്ടിക്കുള്ളത്. ശനിയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് എംവിഎ സഖ്യ കക്ഷികള്‍ ബഹിഷ്കരിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ ക്രിത്രിമം ആരോപിച്ചായിരുന്നു പ്രതിഷേധം. പക്ഷെ സഖ്യത്തിന്റെ ആഹ്വാനം തള്ളി സമാജ് വാദി പാര്‍ട്ടി എംഎല്‍എമാരായ അബു അസിം ആസ്മിയും റെയ്‌സ് ഷെയ്ഖും സത്യപ്രതിജ്ഞ ചെയ്തു.

പാർട്ടി ഒറ്റയ്ക്ക് നിന്നോളാം, പക്ഷെ ഒരിക്കലും വിഭാഗീയതയുടെ രാഷ്ട്രീയത്തിന് ഒപ്പം  നിലനില്‍ക്കാന്‍ കഴിയില്ല. എംവിഎ അംഗങ്ങളും ഇങ്ങനെ വിഭാഗീയത സംസാരിക്കയാണെങ്കിൽ ബിജെപിയുമായി അവർക്ക് എന്ത് വ്യത്യാസമാണുള്ളത്. അതിനാല്‍ മഹാ വികാസ് അഘാഡിയിൽ നിന്ന് ഞങ്ങള്‍ സ്വയം പിന്മാറുകയാണെന്നും ആസ്മി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

ശിവസേന ഇക്കാര്യം ആലോചിക്കണം, തീവ്ര ഹിന്ദു പ്രത്യയശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി നേതാക്കള്‍ എന്തുകൊണ്ടാണ് ഇത്തരം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും റെയ്‌സ് ഷെയ്ഖ് പറഞ്ഞു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി രണ്ട് സീറ്റ് നേടി. 103 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 16 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. 89 മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച ശിവസേന 20 സീറ്റുകളില്‍ വിജയിച്ചു. ശരത് പവാറിന്റെ എന്‍സിപി 87 സീറ്റില്‍ മത്സരിച്ച് പത്ത് സീറ്റുകളില്‍ വിജയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home