ആളുകൾക്ക് ആരെ വേണമെങ്കിലും വിവാഹം കഴിക്കാം: നേതാവിനെ പുറത്താക്കിയതിനോട് പ്രതികരിച്ച് മായാവതി

രാംപൂർ> സമാജ്‌വാദി പാർട്ടി നിയമസഭാംഗത്തിൻ്റെ മകളെ വിവാഹം കഴിച്ചതിന് ഒരു നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന വാർത്ത നിഷേധിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി. പാർട്ടി അംഗങ്ങൾക്ക് ഏത് പാർട്ടിയിൽപ്പെട്ടവരെയും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തിപരമായ തീരുമാനങ്ങളിൽ പാർട്ടി ബന്ധങ്ങളുടെ സ്വാധീന അവർ പറഞ്ഞു.
ബിഎസ്പിയുടെ രാംപൂർ ജില്ലാ പ്രസിഡൻ്റ് സുരേന്ദ്ര സാഗർ അടുത്തിടെ അംബേദ്കർ നഗറിലെ അലാപൂരിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംഎൽഎയായ ത്രിഭുവൻ ദത്തിൻ്റെ മകളെ വിവാഹം കഴിച്ചിരുന്നു. ഒരിക്കൽ ബിഎസ്പിയിലായിരുന്ന ദത്ത് 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് എസ്പിയിൽ ചേർന്നത്.
സാഗറും രാംപൂരിലെ ബിഎസ്പിയുടെ നിലവിലെ ജില്ലാ പ്രസിഡൻ്റ് പ്രമോദ് കുമാറും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്, ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി മായാവതി എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് വിവാഹവുമായി യാതൊരു ബന്ധവുമില്ലെന്നാണ് മായാവതി പറയുന്നത്.
പാർട്ടി അതിൻ്റെ അംഗങ്ങളുടെ വ്യക്തിബന്ധങ്ങളിൽ ഇടപെടുന്നില്ല. ആളുകൾക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇതെല്ലാം അവരുടെ വ്യക്തിതാൽപര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തുന്നവർ ജാഗ്രത പാലിക്കണമെന്നും അവർ പറഞ്ഞു.









0 comments