കർഷകർ മുന്നോട്ട് തന്നെ; ഡൽഹി മാർച്ച് തുടരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 12:22 PM | 0 min read

ന്യൂഡൽഹി> ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാരിന്  ഒരു ദിവസത്തെ സമയം നൽകിയത് അവസാനിച്ചാൽ ഡൽഹി മാർച്ച് തുടരുമെന്ന് കർഷക സംഘടന. ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ മാർച്ച് ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം മാർച്ച് ശംഭുവിൽ വച്ച് ഹരിയാന പോലീസ് തടഞ്ഞിരുന്നു. 101 കർഷകരാണ് ട്രാക്ടറുകളും കാർഷിക ഉപകരണങ്ങളുമായി ഡൽഹിയിലേക്കുള്ള പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്.

മിനിമം താങ്ങുവില നിയമപരമായി ഉറപ്പു നൽകുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വിള ഇൻഷൂറൻസ് നടപ്പാക്കുക, ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്ക് നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധ മാർച്ച്.

കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ഭാഗീരഥ് ചൗധരി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനമല്ലാതെ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇതുവരെയും ചര്‍ച്ചയുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.



വെള്ളിയാഴ്ച മാർച്ചിനിടെ അർദ്ധ സൈനിക വിഭാഗം കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചിരുന്നു. ബികെയു പ്രസിഡന്‍റ് സുർജീത് സിങ് ഫുൽ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. തുടർ സംഘർഷം ഒഴിവാക്കാൻ മാർച്ചിൽ നിന്ന് കർഷകർ താൽക്കാലികമായി പിൻവാങ്ങുകയായിരുന്നു. സമരം മുൻനിർത്തി ഹരിയാന- പഞ്ചാബ് അതിർത്തികളിൽ വൻ സേനാ വിന്യാസമാണ്. ഹരിയാനയിലെ അംബാലയില്‍ ബി ജെ പി സർക്കാർ ഇന്റര്‍നെറ്റിന് നിരോധനവും ഏര്‍പ്പെടുത്തിയിരിക്കയാണ്.

യുപി യില്‍ സമരത്തിനിടെ ഇതുവരെ 200ലേറെ കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംയുക്ത കിസാൻ മോർച്ച നേതാവ് സർവാൻ സിംഗ് പന്ദേർ, ജഗ്ജിത് സിംഗ് ദല്ലെവാൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടത്തുന്നത്. കഴിഞ്ഞ 10 മാസമായി ഇവർ ഖനൗരി, ശംഭു അതിർത്തികളിൽ സമരം നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home