പ്രസവശേഷം വാർഡിലേക്ക് മാറ്റുന്നതിനിടെ യുപിയിൽ യുവതി ലിഫ്റ്റ് തകർന്ന് മരിച്ചു

മീററ്റ് > ഉത്തർപ്രദേശിലെ മീററ്റിൽ ആശുപത്രിയിലെ ലിഫ്റ്റ് തകർന്ന് യുവതിക്ക് ദാരുണാന്ത്യം. പ്രസവത്തിനായി ലോഹിയ നഗറിലെ ക്യാപിറ്റൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന കരിഷ്മ എന്ന യുവതിയാണ് മരിച്ചത്. പ്രസവശേഷം യുവതിയെ താഴത്തെ നിലയിലുള്ള വാർഡിലേക്ക് മാറ്റുന്നതിനിടെ ലിഫ്റ്റിന്റെ കേബിൾ തകർന്നാണ് അപകടം ഉണ്ടായത്.
കരിഷ്മയോടൊപ്പം ലിഫ്റ്റിൽ ഉണ്ടായിരുന്ന രണ്ട് ആശുപത്രി ജീവനക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കരിഷ്മയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിന് കാരണമായത്. ലിഫ്റ്റിലുണ്ടായിരുന്ന മൂന്നുപേരെയും ഡോർ തകർത്താണ് പുറത്തെടുത്തത്. ഇവരെ ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കരിഷ്മ മരിച്ചതായി സ്ഥിരീകരിച്ചു.
സംഭവത്തെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. ആശുപത്രിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അപകടമുണ്ടായി 45 മിനിറ്റിന് ശേഷമാണ് മൂന്ന് പേരെയും പുറത്തെടുത്തത്. മെക്കാനിക്കിനെ വിളിക്കുകയോ സഹായിക്കുകയോ ചെയ്യാതെ ആശുപത്രി ജീവനക്കാർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയെന്നും ബന്ധുക്കൾ പറഞ്ഞു. കരിഷ്മയുടെ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 രോഗികളെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മീററ്റ് പൊലീസ് അറിയിച്ചു. നിലവിൽ ആശുപത്രി ജീവനക്കാർ ഒളിവിലാണ്. ലിഫ്റ്റ് മെയിന്റനൻസ് രേഖകൾ സൂക്ഷ്മമായി പരിശോധിക്കുമെന്നും അശ്രദ്ധ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അശോക് കഠാരിയ അറിയിച്ചു. ലിഫ്റ്റിന്റെ സാങ്കേതിക പരിശോധന നടത്തി വരികയാണെന്നും പിഴവ് കണ്ടെത്തിയാൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുമെന്നും സിറ്റി മജിസ്‌ട്രേറ്റ് അനിൽ കുമാർ അറിയിച്ചു.









0 comments