തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവം; സിനിമാ താരം അല്ലു അർജുനെതിരെ കേസെടുക്കും

ഹൈദരാബാദ് > വ്യാഴാഴ്ച റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും അദ്ദേഹത്തിന്റെ സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ മാനേജ്‌മെന്റിനും എതിരെയാണ് കേസെടുക്കുക. ദുരന്തത്തിൽ രേവതി എന്ന യുവതി മരിച്ചിരുന്നു. രേവതിയുടെ ഭർത്താവിന്റെ പരാതിയിൽ ചിക്കട്പള്ളി പൊലീസാണ് കേസെടുത്തത്.
അല്ലു അർജുൻ തീയറ്ററിൽ എത്തുമെന്ന് തീയറ്റർ മാനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നു. എന്നിട്ടും വിവരം പൊലീസിനെ അറിയിച്ചത് ഏറെ വൈകിയാണെന്ന് പൊലീസ് പറഞ്ഞു. അല്ലു അർജുന്റെ സെക്യൂരിറ്റി ടീം സ്ഥലത്ത് തിരക്ക് ഉണ്ടാക്കിയെന്നും അത് ഉന്തും തള്ളലിൽ എത്തിയെന്നും ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞു.
ജനാവലി നിയന്ത്രിക്കുന്നതിനു പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തു. ഇത് സാഹചര്യം വഷളാക്കിയെന്നും കേസില്‍ അല്ലു അർജുനെയും പ്രതി ചേർക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.









0 comments