ഫെയ്ൻജൽ: പുതുച്ചേരിയിൽ കനത്ത മഴ, വെള്ളപ്പൊക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 04:41 PM | 0 min read

ചെന്നൈ > ഫെയ്ൻജൽ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ പലയിടങ്ങളിലും കനത്ത് മഴ. പുതുച്ചേരിയിൽ തീവ്ര മഴയാണ് ലഭിച്ചത്. 24 മണിക്കൂറിനിടെ 48.4 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷത്തിനിടയിലെ മഴയുടെ ഏറ്റവും ഉയർന്ന തോതാണിത്. പുതുച്ചേരിയിൽ ഒറ്റരാത്രികൊണ്ട് 50 സെന്റീമീറ്റർ മഴ പെയ്തതായും കനത്ത വെള്ളപ്പൊക്ക സാഹചര്യമുള്ളതായും മുഖ്യമന്ത്രി എൻ രംഗസാമി അറിയിച്ചു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

ഫെയ്ൻജൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിലെ പല ജില്ലകളിലും തുടർച്ചയായി കനത്ത മഴയാണ് പെയ്യുന്നത്. കടലൂർ ജില്ലയിൽ ജനവാസ മേഖലകൾ വെള്ളത്തിനടിയിലായതിനാൽ രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേന ബോട്ടുകൾ വിന്യസിച്ചു. ജില്ലാ കളക്ടർ ബലരാമന്റെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ബോട്ടുകൾ ഉപയോഗിച്ച് ദുരിതബാധിതരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പുതുച്ചേരിയിലെ കൃഷ്ണനഗർ മേഖലയിലെ ചില പ്രദേശങ്ങളിൽ 5 അടിയോളം ജലനിരപ്പ് ഉയർന്നു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 500ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. 100 ​​ഓളം പേരെ ഇതുവരെ രക്ഷപെടുത്തിയതായാണ് വിവരം. ചെന്നൈ ഗാരിസൺ ബറ്റാലിയനിലെ ഇന്ത്യൻ ആർമി ട്രൂപ്പുകൾ ദുരിത ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു ഓഫീസർ, ആറ് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ, 62 മറ്റ് ഉദ്യോ​ഗസ്ഥർ എന്നിവരടങ്ങുന്ന ഒരു ഹ്യൂമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് ഡിസാസ്റ്റർ റിലീഫ് (HADR) സേനയെയാണ് പുതുച്ചേരിയിലെ ദുരിത ബാധിത പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home