വിലക്കയറ്റവും മാന്ദ്യവും തടയാനാകാതെ കേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 01:44 AM | 0 min read

ന്യൂഡൽഹി > രാജ്യത്ത്‌ മോദിസർക്കാരിന്റെ നയങ്ങൾ സൃഷ്ടിച്ച രൂക്ഷമായ വിലക്കയറ്റത്തിലും വളർച്ചാമാന്ദ്യത്തിലുംപെട്ട്‌ ജനം തീരാദുരിതത്തിൽ.  സമ്പദ്‌ഘടന ഇരട്ട ഭീഷണി നേരിടുമ്പോഴും നയങ്ങൾ തിരുത്താൻ കേന്ദ്രം തയ്യാറല്ല. ധനമന്ത്രാലയത്തിന്റെ അവകാശവാദങ്ങൾ തകർത്താണ്‌ നടപ്പ്‌ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വളർച്ചാനിരക്ക്‌ 5.4 ശതമാനമായി കൂപ്പുകുത്തിയത്‌. ഇക്കൊല്ലം വളർച്ചാനിരക്ക്‌ ഏഴ്‌ ശതമാനം ആകുമെന്നായിരുന്നു ഔദ്യോഗിക നിഗമനം.

ഒക്ടോബറിൽ വിലക്കയറ്റനിരക്ക്‌ 14 മാസത്തെ ഏറ്റവും ഉയർന്നതായിരുന്നു. ഭക്ഷ്യവിലക്കയറ്റനിരക്ക്‌ രണ്ടക്കം കടന്നു. പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിച്ച്‌ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നതാണ്‌ സർവവ്യാപിയായ വിലക്കയറ്റത്തിന്‌ കാരണം. അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞാലും രാജ്യത്ത്‌ പെട്രോൾ, ഡീസൽ, പാചകവാതക വില താഴ്‌ത്തുന്നില്ല. ഇന്ധനങ്ങൾക്ക്‌ തീരുവ ചുമത്തിയും കേന്ദ്രത്തിന്‌ അധിക വരുമാനം ഉറപ്പാക്കുന്നു. സാധാരണക്കാർ ഇന്ധനത്തിനും നിത്യോപയോഗ സാധനങ്ങൾക്കും അമിതവില നൽകേണ്ട ഗതികേടിലാണ്‌.

അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം കാരണം ജനങ്ങൾ ചെലവുകൾ വെട്ടിച്ചുരുക്കുന്നു. സേവന, സ്വകാര്യ ഉപഭോഗ   മേഖലകളിൽ വളർച്ചാനിരക്ക്‌ ഇടിഞ്ഞത്‌ ഇതിന്‌ തെളിവാണ്‌. ഇതേതുടർന്ന്‌ വിപണിയിൽ ഉണ്ടാകുന്ന മാന്ദ്യം സമ്പദ്‌ഘടനയെ മുരടിപ്പിക്കുകയാണ്‌. തൊഴിലില്ലായ്‌മ രൂക്ഷമാകുന്നതും നിക്ഷേപങ്ങൾ കുറയുന്നതും ഇതിന്റെ പ്രതിഫലനമാണ്‌. മാന്ദ്യം അകറ്റാൻ സർക്കാർ കൂടുതലായി ചെലവിടുകയാണ്‌ വേണ്ടത്‌.

കേന്ദ്രസർക്കാരാകട്ടെ വിവിധ മന്ത്രാലയങ്ങളുടെ ബജറ്റ്‌വിഹിതം പോലും വെട്ടിച്ചുരുക്കുന്നു. മാന്ദ്യം അകറ്റാൻ റിസർവ്‌ ബാങ്കിനോട്‌ റിപ്പോനിരക്കുകൾ കുറയ്‌ക്കാൻ കേന്ദ്രം ആവശ്യപ്പെടുകയാണ്‌. വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനാൽ റിപ്പോനിരക്കുകൾ കുറയ്‌ക്കാൻ റിസർവ്‌ബാങ്ക്‌ തയ്യാറാകുന്നില്ല. 

നോട്ടുനിരോധനത്തിനുശേഷവും അതിശക്തമായ സമാന്തരസമ്പദ്‌ഘടന നിലനിൽക്കുന്ന ഇന്ത്യയിൽ റിസർവ്‌ ബാങ്കിന്റെ പണനയ ഇടപെടലിന്‌ പരിമിതിയുമുണ്ട്‌. വൻകിട കോർപറേറ്റുകളെയാണ്‌ നോട്ടുനിരോധനം സഹായിച്ചതെന്ന്‌ തെളിയുകയാണ്‌. സാധാരണക്കാരും പാവപ്പെട്ടവരും ഉഴലുമ്പോൾ കോർപറേറ്റുകൾ തടിച്ചുകൊഴുക്കുകയാണ്‌. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 105–-ാം സ്ഥാനത്ത്‌ നിൽക്കുമ്പോഴും വൻകിടകോർപറേറ്റുകളുടെ ആസ്‌തി കുന്നുകൂടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home