പട്ടിണി സൂചികയിലെ 105–-ാം സ്ഥാനം: 
മാനദണ്ഡങ്ങളെ പഴിച്ച്‌ കേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 01:06 AM | 0 min read


ന്യൂഡൽഹി
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 105–-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതില്‍ വിചിത്ര വിശദീകരണവുമായി കേന്ദ്ര സർക്കാർ. പട്ടിണി സൂചിക തയ്യാറാക്കിയ രാജ്യാന്തര സംഘടനകളുടെ മാനദണ്ഡങ്ങളിലെ പിഴവാണ്‌ ഇന്ത്യ പിന്നിലാകാൻ കാരണമെന്ന്‌ ലോക്‌സഭയിൽ കെ രാധാകൃഷ്‌ണന്‌ നൽകിയ മറുപടിയിൽ മന്ത്രി നിമുബെൻ ജയന്തിഭായ്‌ അവകാശപ്പെട്ടു.

കുട്ടികളിലെ വളർച്ച മുരടിപ്പ്‌, ഭാരക്കുറവ്, ശിശുമരണ നിരക്ക് എന്നിവയും പൊതുവായ പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കിയാണ്‌  ‘കൺസേൺ വേൾഡ്‌വൈഡ്‌’,  ‘വെൽത്തുംഗർലൈഫ്‌’,  ഇൻസ്‌റ്റിട്യൂട്ട് ഫോർ ഇന്റർനാഷണൽ ലോ ഓഫ് പീസ് ആംഡ്‌  കോൺഫ്ളിക്ട്‌  എന്നീ സംഘടനകൾ പട്ടിണി സൂചിക തയ്യാറാക്കിയത്‌. ആദ്യ മൂന്ന്‌ മാനദണ്ഡങ്ങളും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്‌. ജനങ്ങൾ നേരിടുന്ന പട്ടിണിയുടെ പ്രതിഫലനമല്ല–-മന്ത്രി അവകാശപ്പെട്ടു.എന്നാൽ പൊതുവെ പെൺകുട്ടികളും സ്‌ത്രീകളും അനുഭവിക്കുന്ന പോഷകാഹാരക്കുറവാണ്‌ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന വസ്‌തുത ശാസ്‌ത്രം അംഗീകരിച്ചതാണ്‌. ഇത്‌ അംഗീകരിക്കാതെയാണ്‌ കേന്ദ്രസർക്കാരിന്റെ മറുപടി. ഇക്കൊല്ലത്തെ   ആഗോള പട്ടിണി സൂചികയിൽ  ശ്രീലങ്കയ്‌ക്കും(56) നേപ്പാളിനും(68)  ബംഗ്ലാദേശിനും(84)   പിന്നിലാണ് ഇന്ത്യ. മൊത്തം 127 രാജ്യമാണ്‌ പട്ടികയിൽ. പട്ടിണിക്കാർ തീരെയില്ലാത്ത രാജ്യത്തിന്‌ പൂജ്യവും ഏറ്റവും മോശം സ്ഥിതിക്ക്‌ നൂറും സ്‌കോർ നൽകുന്ന വിധത്തിലുള്ള സൂചികയിൽ ഇന്ത്യക്ക്‌ ലഭിച്ചത്‌ 27.3 പോയിന്റ്.
 



deshabhimani section

Related News

View More
0 comments
Sort by

Home