ജെപിഎസ്‌സി റിക്രൂട്ട്‌മെന്റ്‌ അഴിമതി; 12 വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച്‌ സിബിഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 10:51 PM | 0 min read

ന്യൂഡൽഹി > സിവിൽ സർവീസ് പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച്  അന്നത്തെ ജാർഖണ്ഡ് പബ്ലിക് സർവീസ് കമീഷൻ (ജെപിഎസ്‌സി) ചെയർമാൻ ദിലീപ് കുമാർ പ്രസാദ് ഉൾപ്പെടെ 60 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.

ജെപിഎസ്‌സി റിക്രൂട്ട്‌മെന്റ്‌ അഴിമതി അന്വേഷിക്കാൻ ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് 2012-ൽ കേന്ദ്ര അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്ത് 12 വർഷങ്ങൾക്ക് ശേഷമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

120-ബി (ക്രിമിനൽ ഗൂഢാലോചന), 420 (വഞ്ചന), അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ ഉൾപ്പെടെ വിവിധ ഐപിസി വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഡെപ്യൂട്ടി കളക്ടർ, ഡിഎസ്‌പി, സെയിൽസ് ടാക്‌സ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കുള്ള  പരീക്ഷയിൽ ചില ഉദ്യോഗാർഥികൾക്ക് അനുകൂലമായി  ക്രമക്കേടുകൾ നടന്നതായാണ്‌ കേസ്‌. പിടി, മെയിൻ പരീക്ഷകളുടെ മാർക്കുകളിലാണ്‌ കൃത്രിമം കാണിച്ചത്‌.

പ്രതികളായി കണക്കാക്കുന്ന പലരും ജെപിഎസ്‌സിയിലെ ആരോപണവിധേയരായ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, ഐഎഎസ് ഉദ്യോഗസ്ഥർ, സംസ്ഥാനത്തെ മുതിർന്ന നിയമ ഉദ്യോഗസ്ഥർ എന്നിവരുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണെന്ന്‌  അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന്‌ സിബിഐ പറഞ്ഞു.

പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി  ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇതുവരെ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home