സംഭൽ സംഘർഷം; സ്ഥലം സന്ദർശിക്കാൻ എത്തിയ എംപിമാരെ യുപി പൊലീസ് തടഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 07:39 PM | 0 min read

സംഭൽ > ഉത്തർപ്രദേശിലെ സംഭലിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഷാഹി ജുമാ മസ്‌ജിദിലെ സർവേയ്‌ക്കിടെയുണ്ടായ സംഘർഷത്തെ  തുടർന്ന് സംഭവ സ്ഥലത്തേക്ക്  തിരിച്ച മുസ്ലിംലീ​ഗ് എംപിമാരെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു. ഗാസിയാബാദ് ബോർഡറിൽ എത്തിയപ്പോഴാണ് എംപിമാരെ തടഞ്ഞത്.  ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാൻ, പിവി അബ്ദുൽ വഹാബ്, നവാസ് ഖനി തുടങ്ങിയ അഞ്ച്‌ എംപിമാർ രണ്ട് വാഹനങ്ങളിലാണ് സംഭവ സ്ഥലത്തേക്ക്  പുറപ്പെട്ടിരുന്നത്.

സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. സംഭൽ സന്ദർശിക്കാൻ അനുമതി നൽകില്ലെന്നും മ‍ങ്ങിപ്പോകണമെന്നും പൊലീസ് എംപിമാരോട് പറഞ്ഞു.

അതേസമയം മസ്ജിദിലെ സർവേയെ എതിർത്ത് നവംബർ 24 ന് സംഭാലിൽ നടന്ന അക്രമത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെ ചിത്രങ്ങൾ ഉത്തർപ്രദേശ് പൊലീസ്  പുറത്തുവിട്ടു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പങ്കിടുകയും കലാപകാരികളെ തിരിച്ചറിയാൻ സഹായിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.

നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. സംഘർഷത്തിൽ ഇതുവരെ 27 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 25 പേരെ റിമാൻഡ് ചെയ്ത് ജയിലിലേക്കും  പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ ജുവനൈൽ ഹോമുകളിലേക്കും അയച്ചു.

അതേസമയം, പ്രതികളുടെ ചിത്രങ്ങൾ പതിച്ച പോസ്റ്ററുകൾ പൊതുസ്ഥലങ്ങളിൽ പതിക്കുമെന്നും പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചേക്കുമെന്നും യോഗി ആദിത്യനാഥ് സർക്കാർ അറിയിച്ചു. നാശനഷ്ടങ്ങൾ വീണ്ടെടുക്കുന്നതിനും അക്രമികൾക്കും കുറ്റവാളികൾക്കുമെതിരെ പോസ്റ്ററുകൾ പതിക്കുന്നതിനുമായി സർക്കാർ ഇതിനകം ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച സംഭലിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അനുമതിയില്ലാതെ പുറത്തുനിന്നുള്ളവരോ മറ്റ് സാമൂഹിക സംഘടനകളോ ജനപ്രതിനിധികളോ ജില്ലാ അതിർത്തിയിൽ പ്രവേശിക്കരുതെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു.

മുഗളന്മാർ പള്ളി പണിയുന്നതിനായി ക്ഷേത്രം തകർത്തുവെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ   സർവേ നടത്താന്‍  ജില്ലാകോടതി ഉത്തരവിട്ടിരുന്നു. സർവേയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് ഞായറാഴ്ച ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ജുമാ മസ്ജിദ് ഹരിഹർ ക്ഷേത്രമാണെന്നും ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്നും അവകാശപ്പെട്ട്  ഋഷിരാജ് ഗിരി എന്ന വ്യക്തി നൽകിയ അപേക്ഷയിലാണ്‌ ജില്ലാ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സർവേ നടത്തിയത്‌. പള്ളിയുടെ സർവേ നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home