രണ്ട്‌ കോടി റേഷൻ കാർഡ്‌ റദ്ദാക്കിയത്‌ അനീതി: കർഷകത്തൊഴിലാളി യൂണിയൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 11:32 PM | 0 min read

ന്യൂഡൽഹി> രണ്ട്‌ കോടി റേഷൻ കാർഡുകൾ റദ്ദാക്കി 5.80 കോടി സാധാരണക്കാരെ ഗുണഭോക്തൃ പട്ടികയിൽ നിന്ന്‌ പുറംതള്ളിയ കേന്ദ്രസർക്കാർ നടപടി നഗ്നമായ അനീതിയെന്ന്‌ അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ. ആധാർ നമ്പർ ഇല്ലെന്ന കാരണത്താൽ പതിനായിരക്കണക്കിന്‌ കുടിയേറ്റ തൊഴിലാളികളുടെ റേഷൻ കാർഡുകൾ റദ്ദാക്കിയത്‌ അംഗീകരിക്കാനാവില്ല. ആധാർ മാത്രം ആധികാരിക രേഖയായി പരിഗണിക്കരുതെന്ന സുപ്രീംകോടതി വിധി കേന്ദ്രം പാലിക്കുന്നില്ല. കോടിക്കണക്കിനുപേരെ ഭക്ഷ്യസുരക്ഷനിയമത്തിന്റെ പരിധിയിൽനിന്ന്‌ പുറത്താക്കുന്നത്‌ രാജ്യത്തെ ദാരിദ്ര്യം ഇനിയും പലമടങ്ങ്‌ വർധിപ്പിക്കും.

 സമാനമായി ആറുകോടി ഗ്രാമീണ തൊഴിലുറപ്പ്‌ കാർഡുകളും റദ്ദാക്കിയിരുന്നു. രണ്ടുവർഷത്തിനിടെ മാത്രം ഭക്ഷ്യസുരക്ഷ ഫണ്ടിൽ എഴുപതിനായിരം കോടിരൂപ വെട്ടിക്കുറച്ചു. ഭക്ഷ്യകൂപ്പൺ വഴി റേഷൻ വിതരണമെന്ന കേന്ദ്രത്തിന്റെ പുതിയ നീക്കവും പാവങ്ങളെ പട്ടിണിയിലേയ്‌ക്ക്‌ തള്ളിവിടും. സംയുക്ത കിസാൻ മോർച്ചയും ട്രേഡ്‌ യൂണിയനുകളും കേന്ദ്രത്തിന്റെ കോർപറേറ്റ്‌ പ്രീണന നയങ്ങൾക്കെതിരെ 26ന്‌ ആഹ്വാനം ചെയ്‌തിരിക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കണമെന്നും അഖിലേന്ത്യ പ്രസിഡന്റ്‌ എ വിജയരാഘവനും ജനറൽ സെക്രട്ടറി ബി വെങ്കട്ടും പ്രസ്‌താവനയിൽ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home