മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യവും, ജാർഖണ്ഡിൽ ജെഎംഎം മുന്നണിയും അധികാരത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 09:30 PM | 0 min read

ഡൽഹി > മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌ സംസ്ഥാനങ്ങളിലേക്ക്‌ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനിച്ചു. മഹാരാഷ്‌ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വിജയിച്ചപ്പോൾ ജാർഖണ്ഡിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യവും വിജയിച്ചു. മഹാരാഷ്‌ട്രയിലെ സിപിഐ എമ്മിന്റെ സിറ്റിങ്‌ സീറ്റായ ദഹാനു മണ്ഡലം നിലവിലെ എംഎൽഎ വിനോദ്‌ നിക്കോള നിലനിർത്തുകയും ചെയ്തു.

288 സീറ്റുള്ള മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യം 235 സീറ്റുകളിൽ വിജയിച്ചപ്പോൾ മഹാവികാസ്‌ അഘാഡി 49 സീറ്റുകളിൽ വിജയിച്ചു. മഹായുതി സഖ്യത്തിൽ ബിജെപി 133 സീറ്റുകൾ നേടിയപ്പോൾ ശിവസേന ഷിൻഡെ വിഭാഗം 57ഉം എൻസിപി അജിത്ത്‌ പവാർ വിഭാഗം 41ഉം ജൻസുരാജ്യ ശക്തി രണ്ടും രാഷ്ട്രീയ യുവസ്വാഭിമാൻ പാർടി ഒന്നും രാജർഷി സാഹുവികാസ്‌ അഘാഡി ഒരു സീറ്റിലും വിജയിച്ചു. അതേ സമയം മഹാവികാസ്‌ അഘാടിക്ക്‌ 49 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ. മുന്നണിയിലെ കക്ഷികളായ ശിവസേന ഉദ്ധവ്‌ താക്കറെ പക്ഷം 20ഉം കോൺഗ്രസ്‌ 15ലും എൻസിപി (ശരത്‌ പവാർ) 10ലും എസ്‌പി രണ്ടിലും സിപിഐ എം ഒന്നിലും വർക്കേഴ്‌സ്‌ ആൻഡ്‌ പെസന്റസ്‌ പാർടി ഒരു മണ്ഡലത്തിലും വിജയിച്ചു.

മഹായുതി വിജയിച്ചപ്പോൾ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ തോറ്റു. കരാഡ്‌ സൗത്തിൽ ബിജെപിയുടെ അതുൽബാബ സുരേഷ് ഭോസാലെ  39,355 വോട്ടിനാണ്‌ ചവാനെ വീഴ്‌ത്തിയത്‌. നിയമസഭകക്ഷി നേതാവും സീറ്റ്‌ ചർച്ചകൾക്ക്‌ നേതൃത്വം കൊടുത്തയാളുമായ ബാബസാഹേബ്‌ തോറാട്ടും സംഗമനേർ മണ്ഡലത്തിൽ തോറ്റു. ശിവസേന സ്ഥാനാർഥി അമോൽ ഖതാൽ 10,560 വോട്ടിനാണ്‌ തോറാട്ടിനെ അട്ടിമറിച്ചത്‌. മുൻമന്ത്രിയും പ്രമുഖ വനിത നേതാവുമായ യശോമതി താക്കൂർ തിയോസയിൽ വീണു. ബിജെപിയുടെ രാജേഷ് ശ്രീറാംജി വാങ്കഡെ 7617 വോട്ടിനാണ്‌ യശോമതിയെ വീഴ്‌ത്തിയത്‌.

81 സീറ്റുകളുള്ള ജാർഖണ്ഡിൽ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണി 56 സീറ്റുകളുമായാണ്‌ വിജയിച്ചത്‌. ഹേമന്ത്‌ സോറന്റെ ജെഎംഎം 34 സീറ്റുകളിൽ വിജയിച്ചപ്പോൾ കോൺഗ്രസ്‌ 16ലും ആർജെഡി നാലിലും സിപിഐ എംഎൽ രണ്ട്‌ സീറ്റിലും വിജയിച്ചു. എൻഡിഎയ്‌ക്ക്‌ 24 സീറ്റുകളാണ്‌ ജാർഖണ്ഡിൽ ലഭിച്ചത്‌. ബിജെപി: 21, എജെഎസ്‌യു: 1, ജെഡിയു: 1, എൽജെപി പസ്വാൻ: 1 എന്നിങ്ങനെയാണ്‌ കക്ഷിനില. ജാർഖണ്ഡ്‌ ലോക്‌താന്ത്രിക്‌ ക്രാന്തികാരി മോർച്ച ഒരു സീറ്റിലും വിജയിച്ചു.

വിവിധ സംസ്ഥാനങ്ങളിലേക്ക്‌ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങൾ

പഞ്ചാബ്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മൂന്ന്‌ സീറ്റ്‌ എഎപി കോൺഗ്രസിൽ നിന്ന്‌ പിടിച്ചെടുത്തപ്പോൾ ബർണാല സീറ്റ്‌ കോൺഗ്രസ്‌ തിരിച്ചുപിടിച്ചു. രാജസ്ഥാനിൽ കോൺഗ്രസിന്റെ നാല്‌ സിറ്റിങ്‌ സീറ്റുകളിൽ മൂന്നെണ്ണം ബിജെപി പിടിച്ചെടുത്തു. ആർഎൽപിയുടെ സിറ്റിങ്‌ സീറ്റിലും ബിജെപി ജയിച്ചു. ഭാരത്‌ ആദിവാസി പാർടി തങ്ങളുടെ സീറ്റ്‌ നിലനിർത്തി. ഒമ്പത്‌ സീറ്റിലേക്ക്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്ന യുപിയിൽ എസ്‌പിയുടെ നാല്‌ സിറ്റിങ്‌ സീറ്റിൽ രണ്ടെണ്ണം ബിജെപി പിടിച്ചെടുത്തു. ആറ്‌ സീറ്റിൽ ബിജെപി ജയിച്ചപ്പോൾ ആർഎൽഡി തങ്ങളുടെ സിറ്റിങ്‌ സീറ്റ്‌ നിലനിർത്തി. വടക്കുകിഴക്കൻ മേഖലയിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന എട്ട്‌ സീറ്റിലും എൻഡിഎ ജയിച്ചു. ബീഹാറിലെ നാല്‌ സീറ്റിലും എൻഡിഎ ജയിച്ചു. ഇതിൽ രണ്ടെണ്ണം ആർജെഡിയുടെയും ഒന്ന്‌ സിപിഐ എംഎല്ലിന്റെയും സിറ്റിങ്‌ സീറ്റാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home