കൊറിയറിൽ വന്ന ഹെയർഡ്രയർ പൊട്ടിത്തെറിച്ച് കർണാടക സ്വദേശിനിയുടെ കൈകൾ അറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 10:00 AM | 0 min read

ബം​ഗളൂരു > കൊറിയറിൽ വന്ന ഹെയർഡ്രയർ പൊട്ടിത്തെറിച്ച് കര്‍ണാടക സ്വദേശിനിയുടെ ഇരു കൈകളും അറ്റു. ബാഗല്‍കോട്ട് ജില്ലയിലെ ഇൽക്കലിൽ ബസവരാജേശ്വരി എന്ന യുവതിക്കാണ് അപകടമുണ്ടായത്. അയല്‍വാസിയുടെ പേരിൽ വന്ന കൊറിയർ വാങ്ങി പ്രവർത്തിപ്പിച്ചു നോക്കുന്നതിനിടെയായിരുന്നു സംഭവം. പ്ല​ഗിൽ കുത്തിയതും ഉ​ഗ്രശബ്ദത്തോടെ ഹെയർഡ്രയർ പൊട്ടിത്തെറിക്കുകയായിരുന്നു. ഒൻപതു കൈവിരലുകളും ചിതറിയ നിലയിലായിരുന്നു ബസവരാജേശ്വരിയെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും സാരമായ പരിക്കേറ്റിരുന്നു. ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ബസവരാജേശ്വരിയുടെ ഭര്‍തൃസഹോദരന്‍ ശിവന്‍ഗൗഡ യര്‍നാല്‍ വെളിപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസും ബന്ധുക്കളും പറയുന്നത്

അയൽവാസിയായ ശശികലയുടെ പേരിലാണ് ഡിടിഡിസി കൊറിയർ വഴി ഒരു പാഴ്സൽ ബോക്സ് ബസവരാജേശ്വരിയുടെ വീട്ടുമുറ്റത്ത് എത്തുന്നത്. പാഴ്സലുമായി എത്തിയയാൾ ശശികലയെ വിളിച്ചപ്പോൾ അവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കൊറിയർ ബസവരാജേശ്വരി എൽപ്പിക്കാൻ ആവശ്യപ്പെട്ടു. പാക്കേജ് വാങ്ങി പരിശോധിക്കാൻ ശശികല ബസവരാജേശ്വരിയെ ഫോണില്‍ വിളിച്ചു പറയുകയും ചെയ്തു. ബോക്സിൽ ശശികലയുടെ പേരും മൊബൈൽ രേഖപ്പെടുത്തിയിരുന്നു. ബോക്സിനുള്ളിൽ ഉണ്ടായിരുന്നത് ഹെയര്‍ ഡ്രൈയര്‍ ആണെന്ന് മനസിലായപ്പോൾ അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാന്‍ അയൽവാസി ആവശ്യപ്പെട്ടു. തുടർന്ന് പ്ലഗ് കണക്ട് ചെയ്ത് സ്വിച്ച് ഓണ്‍ ചെയ്തതും ബസവരാജേശ്വരിയുടെ കയ്യിലിരുന്ന ഹെയര്‍ ഡ്രൈയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശാഖ പട്ടണത്ത് നിർമിച്ച കെമി എന്ന കമ്പനിയുടെ ഹെയർ ഡ്രയറാണ് പൊട്ടിത്തെറിച്ചത്. ബാഗൽകോട്ടിൽ നിന്നാണ് പാഴ്സൽ  അയച്ചിരിക്കുന്നത്. ഷോർട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ബാഗൽകോട്ട് എസ്‍പി അമർനാഥ് റെഡ്ഡി സ്ഥിരീകരിച്ചു. തുടക്കത്തിൽ, താൻ പ്രൊഡക്ട് വാങ്ങിയതായി ശശികല പറഞ്ഞിരുന്നുവെന്നും എന്നാൽ‌‌‌ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഇത് നിഷേധിച്ചുവെന്നും പൊലീസ് പറയുന്നു. ഇത് സംശയാസ്പദമാണ്. ആരാണ് ഓർഡർ നൽകിയത്, പണം നൽകിയതാര്, ഹെയർ ഡ്രയർ എങ്ങനെ ശശികലയുടെ പേരിൽ ഇൽക്കലിൽ എത്തി എന്നതിനെ കുറിച്ചെല്ലാം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ബസവരാജേശ്വരിയുടെ ഭര്‍ത്താവ് പാപ്പണ്ണ യര്‍നാല്‍ സൈനികനായിരുന്നു. 2017ല്‍ ജമ്മു കശ്മീരില്‍ വച്ച് ഷോക്കേറ്റ് മരിച്ചു. അയൽവാസി ശശികലയുടെ ഭർത്താവും അന്തരിച്ച സൈനികനാണ്.



deshabhimani section

Related News

View More
0 comments
Sort by

Home