മണിപ്പുർ സൈനിക 
തടവിലേക്ക്‌ ; സംസ്ഥാനത്തേക്ക് 50 കമ്പനി സേന കൂടി , ഭരണം നിശ്ചലം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 11:03 PM | 0 min read


ന്യൂഡൽഹി
ആഭ്യന്തരയുദ്ധത്തിന് സമാനമായ സ്ഥിതി തുടരുന്ന മണിപ്പുരിൽ പക്ഷപാതപരമായി ഇടപെടുന്ന സുരക്ഷാ സേനയെ പിൻവലിക്കണമെന്ന മുറവിളി ഉയരവെ,  കേന്ദ്രം 50 കമ്പനി സുരക്ഷാ സേനയെക്കൂടി സംസ്ഥാനത്തേക്ക്‌ അയച്ചു. തിങ്കളാഴ്‌ച ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ ഷാ നടത്തിയ അടിയന്തര  കൂടിക്കാഴ്‌ചയിലാണ്‌ തീരുമാനം.  അതിനിടെ, ജിരിബാമിലെ ബബുപരയിൽ തിങ്കളാഴ്‌ച സുരക്ഷാ സേനയുടെ വെടിവയ്‌പിൽ ഇരുപത്തിരണ്ടുകാരനായ കെ അത്തൗബ കൊല്ലപ്പെട്ടത് സംസ്ഥാനത്തെ സ്ഥിതി വീണ്ടും രൂക്ഷമാക്കി. സംഘടിച്ചെത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ മണിപ്പൂര്‍ പൊലീസിന്റെ പ്രത്യേക കമാണ്ടോ സംഘം നടത്തിയ വെടിവെയ്പ്പിലാണ് യുവാവ് കൊല്ലപ്പെട്ടത്. മണിപ്പുരിൽ നവംബർ 7ന്‌ ശേഷം ഇതുവരെ 20 പേരാണ്‌ കൊല്ലപ്പെട്ടത്‌.

സ്ഥിതി നിയന്ത്രിക്കാനെന്ന പേരില്‍ 35 കമ്പനി സിആർപിഎഫും 15 കമ്പനി ബിഎസ്‌എഫുമാണ്‌ എത്തുന്നത്‌. നിലവിൽ 218 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരാണ്‌ മണിപ്പുരിലുള്ളത്‌. 100 മുതൽ 140വരെ സൈനികരാണ്‌ ഒരു കമ്പനിയിൽ ഉണ്ടാകുക. മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധി സംഘവും മണിപ്പുരിൽ എത്തിയേക്കും. ഇതിന്‌ മുന്നോടിയായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ്‌ മോഹൻ ഇംഫാലിൽ എത്തി. 

 

അതിനിടെ, ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പൂർണ്ണ പരാജയമാണെന്ന്‌ ചൂണ്ടിക്കാട്ടി ജിരിബാം മണ്ഡലത്തിലെ ബിജെപി പ്രസിഡന്റും ജനറൽ സെക്രട്ടറിയുമടക്കം എട്ടുപേർ രാജിവച്ചു. ജിരിബാമിലെ ബിജെപിയുടെയും കോൺഗ്രസിന്റെയും ഓഫീസുകൾ അക്രമിസംഘങ്ങൾ അടിച്ചുതകർത്തതിന്‌ പിന്നാലെയാണിത്‌.

മെയ്‌ത്തി സായുധ സംഘങ്ങളെ കേന്ദ്രസർക്കാർ നിയന്ത്രിച്ചില്ലങ്കിൽ ആയുധം കൈയിലെടുക്കുമെന്ന്‌ കുക്കി സംഘടനകൾ പ്രഖ്യാപിച്ചു. ഇംഫാലിൽ മെയ്‌ത്തി സംഘടനകൾ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭവും രക്തരൂക്ഷിതമായി തുടരുകയാണ്‌. ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, ബിഷ്‌ണുപുർ ജില്ലകളിൽ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങളും അടച്ചു. ഇവിടങ്ങളിലെ ഇന്റർനെറ്റ്‌ നിരോധനം രണ്ട്‌ ദിവസത്തേക്ക്‌ കൂടി നീട്ടി.

ബിരേൻ സിങ്ങിനെ 
മാറ്റണമെന്ന്‌ സാഗ്‌മ
മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റണമെന്ന്‌ എൻപിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ്‌ സാഗ്‌മ ആവശ്യപ്പെട്ടു. എൻപിപി ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ പ്രതികരണം.

 

കേന്ദ്രം ഇടപെടണം: സിപിഐ എം
മണിപ്പുരിൽ അക്രമങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഉടൻ ശക്തമായ നടപടിയെടുക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ വംശീയ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിച്ച്‌ സമാധാനം പുനഃസ്ഥാപിക്കണം. ജനങ്ങൾ വംശീയമായി വേർതിരിഞ്ഞുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ശക്തമായതോടെ മണിപ്പുരിൽ ഗുരുതര സ്ഥിതിവിശേഷം രൂപംകൊണ്ടിരിക്കയാണ്‌. ഇക്കഴിഞ്ഞ ഏഴിനുശേഷം മാത്രം വിവിധ സംഭവങ്ങളിലായി 20 പേർ കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോയ സ്‌ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതോടെ ഇംഫാൽ താഴ്‌വരയിലും കലാപം കത്തിപ്പടരുകയാണ്‌.

തുടക്കം മുതൽ സ്ഥിതി വഷളാക്കിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ബിരേൻസിങ്ങിനാണ്. എന്നാൽ കേന്ദ്രസർക്കാരും ബിജെപിയും അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന്‌ നീക്കാൻ തയ്യാറാകുന്നില്ല. സർക്കാരും ഭരണ സംവിധാനങ്ങളും നിശ്‌ചലമായ അവസ്ഥയാണ്‌ മണിപ്പുരിൽ–-പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home