മണിപ്പൂരിൽ കൈക്കുഞ്ഞുൾപ്പെടെ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി; തട്ടിക്കൊണ്ട് പോയ മെയ്തികളെന്ന് സംശയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 11:06 AM | 0 min read

ഇംഫാൽ > മണിപ്പൂർ-അസം അതിർത്തിയിൽ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. ഇതിൽ ഒരു മൃതദേഹം കൈക്കുഞ്ഞിന്റേതാണ്. ജിരിബാം ജില്ലയില്‍ തട്ടിക്കൊണ്ടുപോയ മെയ്‌തി വിഭാഗത്തില്‍പ്പെട്ട ആറുപേരില്‍ ഉള്‍പ്പെട്ടവരുടെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കുടുംബത്തെ തട്ടിക്കൊണ്ടുപോയ പ്രദേശത്ത് നിന്നും 15 കിലോമീറ്റർ അകലെ ജിരി പുഴയിൽ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായതിനാൽ ബന്ദികളാക്കപ്പെട്ടവരുടേത് തന്നെയാണോ എന്ന് തിരിച്ചറിയാനായിട്ടില്ല.

മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി അസമിലെ സിൽച്ചാർ മെഡിക്കൽ കേളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനാകുവെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകപ്പട്ടവരിൽ ഒരാളെക്കുറിച്ചും ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ജിരിബാമില്‍ നിന്ന് കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജിരി യുണൈറ്റഡ് കമ്മിറ്റി (ജെയുസി) ജില്ലയിൽ 48 മണിക്കൂർ  പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ്  മൃതദേഹങ്ങൾ കണ്ടെടുത്തത്.  വാർത്ത പുറത്ത് വന്നതോടെ ഇംഫാൽ താഴ്‌വരയിൽ വീണ്ടും പ്രക്ഷോഭം ആരംഭിച്ചു. സംഘർഷാവസ്ഥയെതുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജിരിബാമില്‍ സുരക്ഷാസേനയുടെ വെടിവയ്പിൽ മാർ ഗോത്രത്തിൽപ്പെട്ട 11 പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കുക്കി ഭൂരിപക്ഷ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home