പ്രീമിയം കോച്ചിൽ 21 പേരെ ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിച്ചു; ടിടിഇക്കെതിരെ അന്വേഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 09:07 PM | 0 min read

ന്യൂഡൽഹി > ഉത്സവ സീസണിൽ ശതാബ്ദി എക്സ്പ്രസിന്റെ പ്രീമിയം കോച്ചിൽ  21 പേരെ ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ  അനുവദിച്ച ടിടിഇക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. നോർത്ത് സെൻട്രൽ റെയിൽവേയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.  ട്രെയിനിൽ സീറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാതിരുന്ന 21 പേരുടെ ടിക്കറ്റിൽ ടിടിഇ പണം വാങ്ങി മറ്റ് യാത്രക്കാരെ കയറ്റുകയായിരുന്നു. റെയിൽവേയുടെ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുക, അധിക ചാർജ് ഈടാക്കുക തുടങ്ങി ടിടിഇമാർക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എൻസിആർ ഉദ്യോ​ഗസ്ഥൻ ശശികാന്ത് ത്രിപാഠി പറഞ്ഞു. ഇത്തരം പരാതികളിൽ അന്വേഷണത്തിന് ഉത്തരവിട്ട് പരിശോധനകൾ നടത്തി വരികയായിരുന്നു. ഒക്ടോബർ 29 ന് ഡൽഹി-ലഖ്നോ സ്വർണ ശതാബ്ദി എക്സ്പ്രസിൽ നിരവധി യാത്രക്കാർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മിന്നൽ പരിശോധന നടത്തിയിരുന്നു.

പരിശോധനയിൽ  ശതാബ്ദി എക്സ്പ്രസിന്റെ  എസി കോച്ചുകളിൽ  21 പേർ ടിക്കറ്റില്ലാതെ യാത്രചെയ്യുകയാണെന്ന് കണ്ടെത്തി. ഇവരോട് പിഴയടക്കാൻ ആവശ്യപ്പെട്ടെങ്കിലും നേരത്തെ പണം ടിടിഇക്ക് നൽകി എന്നാണ് യാത്രക്കാർ പറഞ്ഞത്. 2000 മുതൽ 3000 രൂപ വരെയാണ് ഒരു ടിക്കറ്റിന് ടിടിഇ യാത്രക്കാരുടെ പക്കൽ നിന്നും ഈടാക്കിയത്. സംഭവത്തെക്കുറിച്ചുള്ള അധികൃതരുടെ ചോദ്യങ്ങൾക്ക് ടിടിഇ വ്യക്തമായ മറുപടി പറഞ്ഞില്ല. തുടർന്ന് ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home