മണിപ്പുരിൽ ആറ് സ്ഥലങ്ങളിൽ അഫ്‌സ്‌പ പ്രഖ്യാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 10:46 PM | 0 min read

ഇംഫാൽ  > മണിപ്പുരിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ആറിടങ്ങളിൽ കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഫ്‌സ്‌പ (സായുധസേനാ പ്രത്യേകാധികാര നിയമം) പ്രഖ്യാപിച്ചു. ജിരിബാം, ഇംഫാൽ ഈസ്റ്റിലെ ലാംലായ്‌, കാങ്‌പോക്പിയിലെ ലെയ്‌മഖോങ്‌, ബിഷ്‌ണുപുരിലെ മൊയിറങ്‌, ഇംഫാൽ വെസ്റ്റിലെ സെക്‌മായി, ലാംസാങ്‌ എന്നിവിടങ്ങളിലാണ്‌ സുരക്ഷാസേനയ്‌ക്ക്‌ പ്രത്യേകാധികാരം നൽകുന്ന നിയമം പ്രഖ്യാപിച്ചത്‌.
 
ആക്രമികളെന്നാരോപിച്ച്‌ ജിരിബാമിൽ  കുക്കി വിഭാഗത്തിൽപ്പെട്ട പത്തുപേരെ തിങ്കളാഴ്‌ച സുരക്ഷാസേന വെടിവച്ചുകൊന്നിരുന്നു. പിറ്റേന്ന്‌ മെയ്‌ത്തീ വിഭാഗത്തിലെ രണ്ടുപേരുടെ മൃതഹേം കണ്ടെടുത്തു. താമെങ്‌ലോങിൽ സഹായവുമായെത്തിയ ട്രക്ക്‌ അഗ്‌നിക്കിരയാക്കി. കഴിഞ്ഞ ഒക്‌ടോബർ ഒന്നിന്‌ 19 സ്റ്റേഷൻ പരിധികൾ ഒഴികെ സംസ്ഥാനത്താകെ സംസ്ഥാന സർക്കാർ അഫ്‌സ്‌പ പ്രഖ്യാപിച്ചിരുന്നു.


ശിശുദിനത്തിൽ  
വിദ്യാർഥി പ്രതിഷേധം
ആക്രമികൾ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മോചനം ആവശ്യപ്പെട്ട് മണിപ്പുരിൽ സംസ്ഥാനവ്യാപകമായി വിദ്യാർഥികളുടെ പ്രതിഷേധപ്രകടനം. ആക്രമികൾ ബന്ദികളാക്കിയവരെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന്‌ വിദ്യാർഥി സംഘടനകൾ ആവശ്യപ്പട്ടു. ശിശുദിനം കരിദിനമായി ആചരിക്കുന്നതായി പ്രഖ്യാപിക്കുന്ന  പ്ലക്കാർഡുകളുയർത്തി പ്രതിഷേധപ്രകടനം നടത്തിയ വിദ്യാർഥികൾ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി.
 ബൊറോബേക്കയിൽ സിആർപിഎഫ്‌ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന്‌ തിങ്കളാഴ്‌ച ആക്രമികൾ പത്തുമാസം പ്രായമുള്ള കൈക്കുഞ്ഞടക്കം മൂന്ന്‌ സ്‌ത്രീകളെയും മൂന്ന്‌ കുട്ടികളെയും തട്ടിക്കൊണ്ടുപോയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home