മുംബൈ കോൺസുലേറ്റിൽ 
പ്രതിനിധിയെ പ്രഖ്യാപിച്ച്‌ താലിബാൻ ; പ്രതികരിക്കാതെ കേന്ദ്രസർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 03:09 AM | 0 min read


ന്യൂഡൽഹി
മുംബൈയിലെ അഫ്​ഗാൻ കോൺസുലേറ്റിൽ പ്രതിനിധിയെ നിയമിച്ച് താലിബാൻ ഭരണകൂടം. ഡൽഹിയിലെ സൗത്ത്‌ ഏഷ്യൻ സർവകലാശാലയിലെ ​ഗവേഷക വിദ്യാര്‍ഥിയായ ഇക്രാമുദ്ദീൻ കാമിലിനെയാണ്‌ "ആക്ടിങ് കോൺസൽ’ ആയി നിയമിച്ചത്‌. താലിബാൻ ഉപവിദേശമന്ത്രി ഷെർ മുഹമ്മദ് അബ്ബാസ് എക്‌സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.

2021ൽ സർക്കാരിനെ അട്ടിമറിച്ച്‌ ഭരണം പിടിച്ച താലിബാനുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. എന്നാല്‍, നവംബര്‍ ആറിന് വിദേശമന്ത്രാലയത്തിലെ അഫ്‌ഗാൻ –-പാകിസ്ഥാൻ – -ഇറാൻ ഡിവിഷന്റെ ജോയിന്റ്‌ സെക്രട്ടറി  ജെ പി സിങ് കാബൂളിലെത്തി താലിബാൻ പ്രതിരോധമന്ത്രിയടക്കമുള്ളവരുമായി ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മുംബൈ കോൺസുലേറ്റിൽ പ്രതിനിധിയെ നിശ്ചയിച്ചത്. സ്വര്‍ണക്കള്ളക്കടത്ത് ആരോപണം നേരിട്ട മുംബൈയിലെ കോൺ​സൽ ജനറൽ സാകിയ വര്‍ദക് മെയ് നാലിന് രാജിവച്ചിരുന്നു.

അന്താരാഷ്ട്ര നിയമത്തിൽ വിദേശമന്ത്രാലയത്തിന്റെ സ്‌കോളർഷിപ്പോടെ ഏഴുവർഷം ഇന്ത്യയിൽ പഠിക്കുന്ന കാമിൽ അഫ്ഗാൻ വിദേശകാര്യവകുപ്പിന്റെ   സുരക്ഷാസഹകരണ, അതിർത്തികാര്യ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ അഫ്‌ഗാൻ പൗരന്മാരെ സഹായിക്കുന്നതിന്റെ അനൗദ്യോഗിക ചുമതലയാണ്‌ നിലവിൽ നിർവഹിക്കുന്നത്‌. താലിബാനെ അംഗീകരിക്കാത്ത ഡൽഹിയിലെ അഫ്‌ഗാൻ എംബസിയിലെ ഉദ്യോഗസ്ഥർ കഴിഞ്ഞവർഷം യൂറോപ്പിലേക്ക്‌ കുടിയേറിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home