ഇടിച്ചുനിരത്തേണ്ട ; ബുൾഡോസര്‍ രാജിന് ബ്രേക്കിട്ട് സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 11:19 PM | 0 min read


ന്യൂഡൽഹി
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. ഏകപക്ഷീയമായ  അധികാര ദുർവിനിയോഗങ്ങൾക്ക്‌ നിയമവാഴ്‌ചയുള്ള രാജ്യത്ത്‌ സ്ഥാനമില്ല.  ക്രിമിനൽകേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെയും പ്രതികളാകുന്നവരുടെയും വീടുകൾ ബുൾഡോസർ കൊണ്ട്‌ ഇടിച്ചുനിരത്തുന്നത്‌ ഭരണഘടനാവിരുദ്ധമാണ്‌–- ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്‌,  കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്‌ വിധിച്ചു.

നോട്ടീസ്‌ നൽകാതെയും നടപടിക്രമം പാലിക്കാതെയുമുള്ള  പൊളിക്കലുകൾ പൂർണമായും വിലക്കിയ കോടതി  അനധികൃതനിർമാണങ്ങൾ പൊളിക്കാനുള്ള മാർഗരേഖയും പുറപ്പെടുവിച്ചു. മാർഗരേഖ ലംഘിച്ച്‌ ഇടിച്ചുപൊളിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്കുപുറമേ കോടതിയലക്ഷ്യനടപടിയും സ്വീകരിക്കും. അത്തരം ഉദ്യോഗസ്ഥരിൽനിന്ന് കെട്ടിടം പൂർവസ്ഥിതിയിലാക്കാനുള്ള ചെലവും കേടുപാടുകൾക്കുള്ള നഷ്ടപരിഹാരവും ഈടാക്കണമെന്നും ഉത്തരവിട്ടു. ഉത്തർപ്രദേശ്‌, രാജസ്ഥാൻ, മധ്യപ്രദേശ്‌, അസം തുടങ്ങിയ ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ബുൾഡോസർരാജ്‌ വ്യാപകമായതോടെയാണ്  ഹർജികൾ സുപ്രീംകോടതിയിലെത്തിയത്. അനധികൃതനിർമാണം ഒഴിച്ചുള്ള കേസുകളിൽ ഇടിച്ചുപൊളിക്കലിന്‌ കോടതിയുടെ മുൻകൂർ അനുവാദം വേണമെന്ന്‌ സെപ്‌തംബർ 17ന്‌ ഇടക്കാല ഉത്തരവിട്ടിരുന്നു.

‘അരാജകത്വത്തിന്റെ പ്രതീകം’
സ്വാഭാവികനീതി ചവിട്ടിമെതിച്ചും നടപടിക്രമം കാറ്റിൽപ്പറത്തിയും  കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്ന നടുക്കുന്ന ദൃശ്യങ്ങൾ ‘കൈയൂക്കുള്ളവരാണ്‌ ശരിയെന്ന’ -സമ്പൂർണമായ അരാജകത്വത്തിന്റെ സന്ദേശമാണ്‌ നൽകുന്നതെന്ന്‌ കോടതി. സ്‌ത്രീകളും കുട്ടികളും വയോജനങ്ങളും ഒറ്റരാത്രികൊണ്ട് തെരുവിൽ  വലിച്ചെറിയപ്പെടുന്നത് സന്തോഷകരമായ കാഴ്‌ചയല്ല. അധികൃതർ കുറച്ച്‌ കാത്തിരുന്നാൽ ആകാശമൊന്നും ഇടിഞ്ഞുവീഴില്ല. ഒരാൾ കുറ്റം ചെയ്‌തതിന്റെ പേരിൽ അതുമായി ബന്ധമില്ലാത്ത നിഷ്‌കളങ്കരായ കുടുംബാംഗങ്ങളെയാകെ ശിക്ഷിക്കുന്നതിനെ ഭരണഘടനയും ക്രിമിനൽനിയമങ്ങളും അംഗീകരിക്കുന്നില്ല.

സര്‍ക്കാര്‍ 
കോടതിയാകേണ്ട
കുറ്റം ചെയ്‌തവർക്കെതിരെ ഏകപക്ഷീയ അധികാരപ്രയോഗം നടത്താൻ  അധികാരമില്ല. കുറ്റവാളികളെ രാജ്യത്തെ നിയമപ്രകാരം  ശിക്ഷിക്കാൻ അധികാരം കോടതികൾക്കാണ്. ആ അധികാരം സർക്കാർ കൈയേറുന്നത്‌ അംഗീകരിക്കാനാകില്ല. കേസിൽ പ്രതിയായതിന്റെ പേരിൽ ഒരാളുടെ വീട്‌ ഇടിച്ചുനിരത്താൻ ഉദ്യോഗസ്ഥർ ഉത്തരവിടുന്നത്‌ വിചാരണ കൂടാതെയുള്ള ശിക്ഷാവിധിയാണ്‌. സ്വയം ജഡ്‌ജി ചമഞ്ഞ്‌ നിയമം കൈയിലെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം –- സുപ്രീംകോടതി വ്യക്തമാക്കി.

സ്വാഗതം ചെയ്യുന്നു: ബൃന്ദ കാരാട്ട്‌
പ്രതികളാവുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരുടെ വീടും ഇതര  വസ്‌തുവകകളും ഇടിച്ചുപൊളിക്കുന്നത്‌ നിയമവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന്‌  പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ സ്വാഗതംചെയ്‌തു.  വിധി നേരത്തെ വന്നിരുന്നെങ്കിൽ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒട്ടേറെ വീടുകൾ ഇടിച്ചുപൊളിക്കപ്പെടലിൽനിന്ന്‌ ഒഴിവായേനെ. ബിജെപി ദരിദ്രരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിട്ട്‌ നീങ്ങുന്നതിനാൽ ഭാവിയിൽ ബുദ്ധിമുട്ട്‌ നേരിടാനിടയുള്ളവർക്കും നീതി ലഭ്യമാക്കുന്നതാണ് ഈ വിധി–-ബൃന്ദ കാരാട്ട്‌ പറഞ്ഞു.


 



deshabhimani section

Related News

View More
0 comments
Sort by

Home