കോവിഡ്‌ ഫണ്ട്‌ ദുർവിനിയോഗം: യെദ്യൂരപ്പയും മുൻ ആരോഗ്യമന്ത്രിയും വിചാരണ നേരിടണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 11:38 PM | 0 min read

ബംഗളുരു> കോവിഡ്‌ ഫണ്ട്‌ ദുർവിനിയോഗ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ്‌ യെദ്യൂരപ്പയും മുൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ബി ശ്രീരാമുലുവും വിചാരണ നേരിടണമെന്ന്‌ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട്‌. മുൻ ഹൈക്കോടതി ജഡ്‌ജി മൈക്കിൾ ഡികുൻഹ അധ്യക്ഷനായ കമീഷനാണ്‌ അഴിമതി വിരുദ്ധനിയമത്തിന്റെ ഏഴാം വകുപ്പു പ്രകാരം ഇരുവരെയും വിചാരണ ചെയ്യണമെന്ന്‌ ശുപാർശ ചെയ്‌തത്‌. ആഗസ്‌ത്‌ 31നാണ്‌ റിപ്പോർട്ട്‌ സർക്കാരിന്‌ സമർപ്പിച്ചത്‌.

കോവിഡ്‌ മഹാമാരിക്കാലത്ത്‌ ബിജെപി സർക്കാർ ചൈനീസ്‌ കമ്പനിയിൽ നിന്ന്‌ മൂന്ന്‌ ലക്ഷം പിപിഇ കിറ്റുകൾ വാങ്ങിയതിലെ ക്രമക്കേടുകൾ വൻ വിവാദങ്ങൾക്ക്‌ വഴിവച്ചിരുന്നു. പ്രാദേശിക കമ്പനികൾ ആവശ്യപ്പെട്ടതിനേക്കാൾ വൻ വില നൽകി ചൈനീസ്‌ കമ്പനികളിൽ നിന്നും പിപിഇ കിറ്റുകളും മരുന്നുകളും ഉപകരണങ്ങളും യെദ്യൂരപ്പ സർക്കാർ വാങ്ങിയെന്നാണ്‌ കമീഷന്റെ കണ്ടെത്തൽ. കർണാടക മെഡിക്കൽ സപ്ലൈസ്‌ കോർപ്പറേഷൻവഴി കരാർ വിളിക്കാതെ ബിജെപി സർക്കാർ നേരിട്ട്‌ വിദേശ കമ്പനികളിൽനിന്ന്‌ വാങ്ങി.

യെദ്യൂരപ്പയുടെയും ശ്രീരാമുലുവിന്റെയും താൽപര്യപ്രകാരം നടന്ന ഇടപാടിൽ ആകെ 150 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നുമായിരുന്നു ആരോപണം. പ്രദേശിക കമ്പനികൾ പിപിഇ കിറ്റിന്‌ 330 രൂപ ഈടാക്കിയ ഘട്ടത്തിൽ 2,117 രൂപ മുടക്കി ഡിഎച്ച്‌ബി ഗ്ലോബലിൽനിന്ന്‌ സർക്കാർ കിറ്റുകൾ വാങ്ങിയെന്നുമായിരുന്നു ആരോപണം.



deshabhimani section

Related News

View More
0 comments
Sort by

Home