തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ശരദ് പവാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 05:25 PM | 0 min read

മുംബൈ > ആറ് പതിറ്റാണ്ടോളം നീണ്ട തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് എൻസിപി നേതാവ് ശരദ് പവാർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ താൻ മത്സരിക്കാനില്ലെന്നും പുതുതലമുറയുടെ മാർ​ഗദർശിയായി മുമ്പോട്ട് പോകുമെന്നും ശരദ് പവാർ പറഞ്ഞു. ചൊവ്വാഴ്ച ബരാമതിയിൽ യുഗേന്ദ്ര പവാറിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കവെയാണ് ശരദ് പവാർ ഇക്കാര്യം പറഞ്ഞത്.

'ഇനി അധികാരത്തിലേക്ക് ഇല്ല. ഇപ്പോൾ രാജ്യസഭാ​ഗം ആണ്. ഒന്നരവർഷത്തോളം കാലാവധി ബാക്കിയുണ്ട്. അതിനു ശേഷം രാജ്യസഭയിലേക്ക് പോകണോ വേണ്ടയോ എന്ന കാര്യം ആലോചിക്കും. ലോക്സഭയിലേക്ക് ഇനി മത്സരിക്കില്ല. വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. പതിനാല് തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഓരോ പ്രാവശ്യവും നിങ്ങളെന്നെ തെരഞ്ഞെടുത്തു. ഒന്നോ രണ്ടോ തവണയല്ല, നാല് തവണയാണ് മുഖ്യമന്ത്രിയാക്കിയത്. പക്ഷെ, ഇപ്പോൾ എവിടെയെങ്കിലും ഇത് അവസാനിപ്പിക്കണം. ഇനി പുതിയ തലമുറയെ മുന്നോട്ട് കൊണ്ടുവരണം. അടുത്ത 30 വർഷത്തേക്കാവശ്യമായ നേതാക്കളെ വളർത്തിക്കൊണ്ട് വരാനുണ്ട് അതിനായി  പ്രവർത്തിക്കും. ഇതിനർഥം സാമൂഹിക പ്രവർത്തനം ഉപേക്ഷിച്ചു എന്നല്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും' ശരദ് പവാർ പറഞ്ഞു.

1967ൽ ബാരാമതിയിൽ നിന്ന് ആദ്യമായി എംഎൽഎയായത് മുതൽ 57 വർഷത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയമറിയാത്തയാളാണ് ശരദ് പവാർ. 1999-ലാണ് പവാർ എൻസിപി രൂപീകരിക്കുന്നത്. 2023-ൽ അനന്തരവൻ അജിത് പവാർ പ്രത്യേക വിഭാഗമുണ്ടാക്കിയതിനെത്തുടർന്ന് പാർടി പിളർപ്പിന് സാക്ഷ്യം വഹിച്ചു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ഇന്ത്യ സഖ്യത്തിനൊപ്പം മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. അജിത് പവാർ എൻഡിഎ പക്ഷത്താണ്. ആറു തവണ ബരാമതിയിൽ എംഎൽഎ ആയ അജിത് പവാർ അപ്പോഴേല്ലാം ശരദ് പവാറിന്റെ പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home