മാഹിം സീറ്റിനെച്ചൊല്ലി 
മഹായുതിയിൽ കലാപം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 11:40 PM | 0 min read

ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതിൽക്കൽനിൽക്കെ മധ്യമുംബൈയിലെ മാഹിം സീറ്റിനെ ചൊല്ലി മഹാരാഷ്‌ട്രയിലെ ഭരണമുന്നണിയിൽ കലാപം. എംഎൻഎസ്‌ നേതാവും ശിവസേന സ്ഥാപകൻ ബാൽതാക്കറെയുടെ സഹോദരന്റെ മകനുമായ രാജ്‌ താക്കറെയെ ഉപയോഗിച്ച്‌ മുഖ്യമന്ത്രിപദത്തിനായി ബിജെപി പരോക്ഷ അവകാശവാദം ഉന്നയിച്ചത്‌ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെയെ ചൊടിപ്പിച്ചു.

   മാഹിം സീറ്റിൽ ഷിൻഡെയുടെ സ്ഥാനാർഥിയും സിറ്റിങ്‌ എംഎൽഎയുമായ സദ സർവങ്കറിന്‌ പകരം ബിജെപി പിന്തുണ രാജ്‌ താക്കറെയുടെ മകൻ അമിത് താക്കറെയ്‌ക്കാണ്‌. സ്ഥാനാർഥിയെ പിൻവലിക്കണമെന്ന ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം ഷിൻഡെ തള്ളിയതോടെ കലഹം രൂക്ഷമായി. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്‌ച അവസാനിക്കും.
അതിനിടെ തന്റെ പാർടിയുടെ പിന്തുണ ഷിൻഡെയ്‌ക്കാണെന്ന്‌ കേന്ദ്രമന്ത്രി രാംദാസ്‌ അത്താവലെ പ്രഖ്യാപിച്ചു.

അമിത് താക്കറെയെക്കാൾ ശക്തനായ സ്ഥാനാർഥി സർവങ്കറാണെന്ന്‌ വ്യക്തമാക്കിയ അദ്ദേഹം ബിജെപിയെ തള്ളി. ശിവസേന ഭവൻ സ്ഥിതി ചെയ്യുന്ന മണ്ഡലം നിലനിർത്തുക ഷിൻഡെയുടെ രാഷ്‌ട്രീയ ലക്ഷ്യം കൂടിയാണ്‌.

2019ൽ 18,647 വോട്ടാണ്‌ മാഹിം സീറ്റിൽ സർവങ്കറിന്റെ  ഭൂരിപക്ഷം. എംഎൻഎസ്‌ രണ്ടാമത്‌ എത്തി. ഫഡ്‌നാവിസും രാജ്‌ താക്കറെയും കൂടിക്കാഴ്‌ച നടത്തിയതും അഭ്യൂഹങ്ങൾക്ക്‌ കാരണമായിട്ടുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹായുതിക്ക്‌ പിന്തുണ പ്രഖ്യാപിച്ചിരുന്ന രാജ്‌ താക്കറെ സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല.
 



deshabhimani section

Related News

View More
0 comments
Sort by

Home