സോളാപുർ സിറ്റി സെൻട്രലിൽ സിപിഐ എം മത്സരിക്കും ; മഹാരാഷ്‌ട്രയിൽ 3 സീറ്റിൽ പത്രിക നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 12:12 AM | 0 min read


ന്യൂഡൽഹി
മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ സോളാപുർ സിറ്റി സെൻട്രൽ സീറ്റിൽ സിപിഐ എം സ്ഥാനാർഥി നരസയ്യ ആദം ചൊവ്വാഴ്‌ച പത്രിക നൽകി. മുതിർന്ന നേതാവായ നരസയ്യ ഈ മണ്ഡലത്തിൽ  മൂന്നുവട്ടം വിജയിച്ചിട്ടുണ്ട്‌. 1978ൽ  ആദ്യമായി സോളാപുർ സിറ്റി സെൻട്രലിൽ ചെങ്കൊടി പാറിച്ച നരസയ്യ പിന്നീട്‌ 1995, 2004 വർഷങ്ങളിലും ജയിച്ചു. നിലവിലെ എംഎൽഎ കോൺഗ്രസിന്റെ പ്രണിതി ഷിൻഡെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച്‌ വിജയിച്ചു. മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി സുഷീൽ കുമാർ ഷിൻഡെയുടെ മകളാണ്‌ പ്രണിതി. സോളാപുർ സിറ്റി സെൻട്രലിൽ മത്സരിക്കാനുള്ള തീരുമാനം സിപിഐ എം മഹാവികാസ്‌ അഘാഡിയെ അറിയിച്ചു. കോൺഗ്രസ്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുടെ ദേവേന്ദ്ര രാജേക്‌ കോത്തയാണ്‌ മഹായുതി സ്ഥാനാർഥി.

പാൽഘർ ജില്ലയിലെ പാര്‍ടി ശക്തികേന്ദ്രമായ ദഹാനു മണ്ഡലത്തിലും സിപിഐ എം സ്ഥാനാർഥി പത്രിക സമർപ്പിച്ചു. വൻ പ്രകടനമായി എത്തിയാണ്‌ സിറ്റിങ്‌ എംഎൽഎ വിനോദ്‌ നിക്കോളെ പത്രിക സമർപ്പിച്ചത്‌. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം അശോക്‌ ധാവ്‌ളെ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. നാസിക്‌ വെസ്റ്റ്‌ മണ്ഡലത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥി ഡോ. കെ എൽ കരാഡിനെ പിൻവലിക്കുകയാണെന്നും അശോക്‌ ധാവ്‌ളെ അറിയിച്ചു. ഇവിടെ ശിവസേന (യുബിടി) നാസിക്‌ ജില്ലാ പ്രസിഡന്റ്‌  സുധാകർ ബഡ്‌ഗുജറിനെ സിപിഐ എം പിന്തുണയ്‌ക്കും. നാസിക് കൽവാൻ മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥി ജെ പി ഗാവിത്‌ പത്രിക നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home