വിമാനങ്ങൾക്ക്‌ പിന്നാലെ ഹോട്ടലുകളിലേക്കും വ്യാജ ബോംബ് ഭീഷണി ; പകച്ച് കേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 01:34 AM | 0 min read


ന്യൂഡൽഹി
രാജ്യത്തെ വിമാന സർവീസുളെ  താളംതെറ്റിച്ച വ്യാജ ബോംബ്‌ ഭീഷണി വിവിധ സംസ്ഥാനങ്ങളിലെ ആഡംബര ഹോട്ടലുകളെയും ലക്ഷ്യമിടുന്നു. യുപിയിലെ ലഖ്നൗ, ഗുജറാത്തിലെ രാജ്‌കോട്ട് എന്നിവിടങ്ങളിലെ 10 വീതം ഹോട്ടലുകള്‍ക്കും ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ മൂന്ന്‌ ഹോട്ടലിനും ഭീഷണി ലഭിച്ചു. ആഴ്‌ചകളായി തുടരുന്ന ബോംബ്‌ ഭീഷണികൾ തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിലും കേന്ദ്രസർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടതോടെ പ്രതിസന്ധി രൂക്ഷമായി. 

ഹോട്ടലിന്റെ താഴത്തെ നിലയിൽ കറുത്ത ബാഗിൽ ബോംബുണ്ട്‌. 55,000 ഡോളർ(4,624,288 രൂപ) തന്നില്ലെങ്കിൽ അവ പൊട്ടിക്കും. രക്തം എല്ലായിടത്തും വ്യാപിക്കും– ലഖ്നൗവിൽ ലഭിച്ച -സന്ദേശങ്ങളിൽ പറഞ്ഞു. മാരിയറ്റ്, സറാക്ക, പിക്കാഡിലി, കംഫർട്ട് വിസ്ത, ഫോർച്യൂൺ, ലെമൺ ട്രീ, ക്ലാർക്സ് അവധ്, കാസ, ദയാൽ ഗേറ്റ്‌വേ, സിൽവെറ്റ് തുടങ്ങിയ ഹോട്ടലുകൾക്കാണ്‌ ഭീഷണി. ബോംബ്‌ സ്‌ക്വാഡ്‌ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തനായില്ല.

രാജ്‌കോട്ടിലെ പത്തുഹോട്ടലുകൾക്ക്‌ ശനി അർധരാത്രിയാണ്‌ സന്ദേശമെത്തിയത്‌. കാൻ ദിൻ എന്ന പ്രൊഫൈലിൽനിന്ന്‌ ഹോട്ടൽ സയാജി, സെന്‍റോസ, സീസൺസ്, ഭാഭ തുടങ്ങിയ ഹോട്ടലുകൾക്ക്‌ സന്ദേശം ലഭിച്ചു. ഹോട്ടലിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മണിക്കൂറുകൾക്കുള്ളിൽ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. രണ്ടുദിവസം മുമ്പാണ്‌ തിരുപ്പതിയിലെ മൂന്നുഹോട്ടലുകൾക്ക്‌ സന്ദേശം ലഭിച്ചത്‌. കഴിഞ്ഞ മാസം ബംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിനും ഭീഷണി  ലഭിച്ചിരുന്നു.

50 വിമാനങ്ങൾക്കുകൂടി ഭീഷണി
ഞായറാഴ്‌ച മാത്രം അമ്പതിലേറെ വിമാനങ്ങൾക്കും ബോംബ്‌ ഭീഷണി ലഭിച്ചു. പതിനാല്‌ ദിവസത്തിനിടെ ഭീഷണി ലഭിച്ച വിമാനങ്ങളുടെ എണ്ണം 350 പിന്നിട്ടു. 173 യാത്രക്കാരുമായി ബംഗളൂരുവിൽ നിന്ന്‌ അയോധ്യയിലേയ്‌ക്ക്‌ പുറപ്പെട്ട അകാസ എയറിന്റെ വിമാനത്തിന്‌ യാത്രമധ്യേ ഭീഷണി എത്തിയത്‌ യാത്രക്കാരെ പരിഭ്രാന്തരാക്കി. അയോധ്യയിൽ ഇറക്കിയശേഷം നടത്തിയ  പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. എയർ ഇന്ത്യ,വിസ്‌താര, സ്‌പൈസ്‌ജെറ്റ്‌, ഇൻഡിഗോ തുടങ്ങിയ കമ്പനികൾക്കെല്ലാം ഞായാറാഴ്‌ചയും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്‌. വലിയ സാമ്പത്തിക നഷ്‌ടമാണ്‌ കമ്പനികൾക്ക്‌ ഉണ്ടായത്‌.

അതേസമയം, വ്യാജവിവരങ്ങൾ പ്രചരിക്കുംമുമ്പ്‌ സമൂഹമാധ്യമങ്ങൾ അടിയന്തിരനടപടികൾ സ്വീകരിക്കണമെന്ന്‌ കേന്ദ്രസർക്കാർ സാമൂഹ്യമാധ്യമങ്ങളോട്‌ നിർദേശിച്ചിരുന്നു. വ്യാജ ബോംബ്‌ ഭീഷണിയുമായി ബന്ധപ്പെട്ട്‌ ഇതുവരെ രണ്ടുപേർ പിടിയിലായിട്ടുണ്ട്‌. ഡൽഹി സ്വദേശി ശുഭം ഉപാധ്യായയും(25) ഛത്തീസ്‌ഗഡുകാരനായ 17 വയസുകാരനുമാണ്‌ പിടിയിലായത്‌.

ചാവേര്‍ ബോംബ് 
ഭീഷണിയും
"മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന വിമാനത്തിലുള്ള ​ഗൗരി ഭർവാനി (60) എന്ന  സ്ത്രീ തന്റെ ആൺ സുഹൃത്തിനെ കാണാൻ പോകുകയാണ്. അവരുടെ കൈയിൽ 90 ലക്ഷം രൂപയുണ്ട്. ഡൽഹിയിൽനിന്ന് അവർ ഉസ്ബെക്കിസ്ഥാനിലേക്ക് പോകും. അവർ ചാവേറാണ്'.

ഒക്ടോബർ 25ന് പുലർച്ചെ 1.30ന് ഡൽഹി എയർപോർട്ട് കൺട്രോൾ റൂമിൽ ലഭിച്ച സന്ദേശം കണ്ട് ഉദ്യോ​ഗസ്ഥർ ഞെട്ടി. ഉടൻ മുംബൈ വിമാനത്താവളത്തിൽ പരിശോധന നടത്തിയെങ്കിലും യാത്രക്കാരിയെ കണ്ടെത്താനായില്ല. ഒടുവിൽ സന്ദേശത്തിൽ നൽകിയിട്ടുള്ള അന്ധേരിയിലെ വിലാസത്തിൽ എത്തി അന്വേഷിച്ചെങ്കിലും സ്ത്രീ വർഷങ്ങൾക്ക് മുമ്പ് ഇവിടെനിന്ന് മാറിപോയതാണെന്ന് വ്യക്തമായി.  പിന്നീട് സ്ത്രീയെ കണ്ടെത്തിയെങ്കിലും വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞു. കുടുംബ തർക്കത്തെ തുടർന്ന് ​ഈ സ്ത്രീയുടെ ബന്ധുവാണ് വ്യാജ സന്ദേശമയച്ചതെന്നും കണ്ടെത്തി. പ്രതിയെ പിടികൂടാനായി മുംബൈ  സഹർ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home