ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 10:25 AM | 0 min read

ന്യൂഡൽഹി> ഗുണ്ടാ നേതാവ്‌ ലോറൻസ് ബിഷ്‌ണോയ്‌യുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയ്‌യെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ  പാരിതോഷികം പ്രഖ്യാപിച്ച്‌ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).'ഭാനു' എന്ന്‌ അറിയപ്പെടുന്ന അൻമോൽ ബിഷ്‌ണോയ്‌ വ്യാജ പാസ്‌പോർട്ട്‌ ഉപയോഗിച്ച്‌ ഇന്ത്യയിൽ നിന്നും രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം കെനിയയിലും ഈ വർഷം കാനഡയിലും ഇയാളെ കണ്ടതായി റിപ്പോർട്ടുണ്ട്‌.

2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൊസ്സെവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അൻമോൽ ബിഷ്‌ണോയ്‌ക്കെതിരെ 18 കേസുകളാണ്‌ ഉള്ളത്‌. ഏപ്രിൽ 14 ന് സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അൻമോലിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

വെടിയുതിർത്തതിന്റെ  ഉത്തരവാദിത്തം ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ് ഏറ്റെടുത്തിരുന്നു. ഒക്ടോബർ 12ന്‌ മഹാരാഷ്‌ട്ര മുൻമന്ത്രിയും ഉപമുഖ്യമന്ത്രി അജിത്‌ പവാർ നേതൃത്വം നൽകുന്ന എൻസിപിയുടെ നേതാവുമായ ബാബ സിദ്ദിഖികൊലപ്പെടുത്തിയ സംഭവത്തിൽ അൻമോൽ ബിഷ്‌ണോയ്‌ക്കും ബന്ധമുള്ളതായി മുംബൈ പൊലീസ് പറഞ്ഞു.

ശനി രാത്രി നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുകയായിരുന്ന സിദ്ദിഖിക്കുനേരെ മൂന്നുറൗണ്ടാണ്‌ വെടിയുതിർത്തത്‌. ഇതിലെ പ്രതിയുമായി അൻമോൽ ബിഷ്‌ണോയ്‌ നേരിട്ട് ബന്ധപ്പെട്ടിരുന്നതായും കാനഡയിൽ നിന്നും യുഎസിൽ നിന്നും പ്രതിയുമായി ബന്ധം പുലർത്താൻ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ സ്‌നാപ്ചാറ്റ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.


 



deshabhimani section

Related News

View More
0 comments
Sort by

Home